
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ (Air India Plane Crash) വ്യാപ്തി വര്‍ധിപ്പിച്ചത് ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചപ്പോള്‍ ഉണ്ടായ ഉയര്‍ന്ന താപനിലയെന്ന് റിപ്പോര്‍ട്ട്. അപകടത്തിന് പിന്നാലെ വിമാനത്തിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചു. ഈ സമയം ഉയര്‍ന്ന വലിയ അഗ്നിഗോളം പ്രദേശത്തെ താപനില 1000 ഡിഗ്രി സെല്‍ഷ്യസിന് സമാനമായിരുന്നു. ഉയര്‍ന്ന താപനില ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉയര്‍ന്ന താപനില അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അപകടം സംഭവിക്കുമ്പോള്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ഉണ്ടായിരുന്നത് 1.25 ലക്ഷം ലിറ്റര്‍ ഇന്ധനമായിരുന്നെന്ന് പ്രദേശം സന്ദര്‍ശിച്ച ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതികരിച്ചിരുന്നു.
വിമാനം തകര്‍ന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ ദുഷ്‌കരമായിരുന്നു എന്ന് സംസ്ഥാന ദുരന്ത പ്രതിരോധ സേനാംഗവും സാക്ഷ്യപ്പെടുത്തുന്നു. എട്ട് വര്‍ഷത്തോളമായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന താന്‍ ഇത്രയും ദുഷ്‌കരമായ സാഹചര്യം നേരിട്ടിട്ടില്ലെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ഉയര്‍ന്ന താപനില മൂലം രക്ഷാ പ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിട്ടു. എല്ലായിടത്തും അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. പല അവശിഷ്ടങ്ങളും അതികഠിനമായ ചൂടായിരുന്നു. പിപിഇ കിറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു രക്ഷാ ദൗത്യത്തിന് ഇറങ്ങിയതെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.
അഗ്നിപര്‍വത സ്‌ഫോടന സമയത്ത് ലാവയ്ക്ക് 1140 മുതല്‍ 1170 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍വരെ എത്താറുണ്ട്. ഇതിനോട് സമാനമാണ് അപകടത്തിന് പിന്നാലെ രൂപപ്പെട്ട സാഹഹചര്യമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 242 പേര്‍ സഞ്ചരിച്ച വിമാനത്തിലെ 241 പേരും കൊല്ലപ്പെട്ടിരുന്നു. വിശ്വാസ് രമേഷ് കുമാര്‍ എന്ന യാത്രക്കാരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണ് ഇയാള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates