'ഡയമണ്ട്, 10 ലക്ഷം രൂപ... ചെറിയൊരു പ്രൊസസിങ് ഫീ'; തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങിയ ആശാ വര്‍ക്കറുടെ കഥ

ലോട്ടറിയടിച്ചുവെന്നും അത് ലഭിക്കാന്‍ പണം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ഭീഷണി കോള്‍ വന്നത്. തട്ടിപ്പിനിരയായ ഇവര്‍ക്ക് നാല് ലക്ഷം രൂപയും ഇവര്‍ക്ക് നഷ്ടമായി.
lottery scam victim
പുഷ്പതല ഝാരിയ/ lottery scam victimവിഡിയോ സ്‌ക്രീന്‍ഷോട്ട്‌
Updated on
1 min read

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരിലെ ബാര്‍ഗി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആശാ വര്‍ക്കറാണ് പുഷ്പതല ഝാരിയ. ഗ്രാമീണരുടെ ആരോഗ്യം പരിപാലിക്കുക, രണ്ട് കുട്ടികളെ പരിപാലിക്കുക, ഭര്‍ത്താവിന് പിന്തുണ നല്‍കുക എന്നിങ്ങനെ തീര്‍ത്തും സാധാരണമായ ജീവിതം. ഒരു ദിവസം വന്ന ഫോണ്‍ കോളാണ് അവരുടെ ജീവിതം തകര്‍ത്തത്. ലോട്ടറിയടിച്ചുവെന്നും അത് ലഭിക്കാന്‍ പണം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് കോള്‍ വന്നത്.

ജീവിതം മാറ്റിമറിച്ച ഫോണ്‍ കോള്‍

മാര്‍ച്ചിലാണ് ആ ഫോണ്‍ കോള്‍ വരുന്നത്. ഒരു വിദേശ നമ്പറായിരുന്നു അത്. മറുവശത്ത് മൃദുലമായ ശബ്ദത്തില്‍ ഒരു മെഗാ ലോട്ടറി നേടിയെന്ന് വിളിച്ചയാള്‍ പറഞ്ഞു. അത് ലഭിക്കണമെങ്കില്‍ ഒരു പ്രൊസസിങ് ഫീസ് നല്‍കണമെന്നും. അവര്‍ ആവശ്യപ്പെട്ട പണം ആദ്യം നല്‍കി. എന്നാല്‍ പിന്നീട് വീണ്ടും കോളുകള്‍ വന്നുകൊണ്ടിരുന്നു. ലോട്ടറി സമ്മാനം അയച്ച കൊറിയര്‍ പിടിച്ചെടുത്തെന്നും അതില്‍ പുഷ്പലതയുടെ ആധാര്‍ കാര്‍ഡുണ്ടായിരുന്നുവെന്നും കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ പിടിക്കപ്പെടുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ഭയത്തെത്തുടര്‍ന്ന് അവര്‍ പണം നല്‍കി. ആകെ നാല് ലക്ഷം രൂപ നല്‍കി.

ബന്ധുക്കളില്‍ നിന്നും അടുത്ത പരിചയക്കാരില്‍ നിന്നുമാണ് പണം വാങ്ങി നല്‍കിയത്. എന്തിനാണ് ഇത്രയും പണം എന്ന് വീട്ടുകാര്‍ ചോദിക്കുമ്പോള്‍ രഹസ്യമായി വെക്കണമെന്നും അല്ലെങ്കില്‍ സമ്മാനം റദ്ദാക്കുമെന്നും തട്ടിപ്പുകാര്‍ അറിയിച്ചു. ഇതിനിടെ ഏപ്രില്‍ 23 ന് വീട് വിട്ടിറങ്ങി. അലഞ്ഞ് തിരിഞ്ഞ് പലയിടത്തുമായി ജോലി ചെയ്തു. അങ്ങനെ കിട്ടുന്ന പണവും തട്ടിപ്പുകാര്‍ക്ക് അയച്ചു കൊടുത്തുകൊണ്ടേയിരുന്നു. വജ്രങ്ങള്‍, സ്വര്‍ണം, പത്ത് ലക്ഷം രൂപയുടെ സമ്മാനം എന്നിവയുണ്ടെന്നാണ് തട്ടിപ്പുകാര്‍ അവരെ വിശ്വസിപ്പിച്ചത്.

അടുത്തത് തട്ടിക്കൊണ്ടുപോകല്‍ നാടകം

തട്ടിപ്പുകാര്‍ അവിടെയും അവസാനിപ്പിച്ചില്ല. ജൂണില്‍ അവളെ ഭീഷണിപ്പെടുത്തി കരയിപ്പിച്ച് വിഡിയോ ഷൂട്ട് ചെയ്തു. രണ്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഭര്‍ത്താവിന് അയച്ചുകൊടുത്തു. പണം നല്‍കിയില്ലെങ്കില്‍ അവളുടെ മൃതദേഹം കഷ്ണങ്ങളാക്കി കാട്ടില്‍ വലിച്ചെറിയുമെന്നായിരുന്നു ഭീഷണി. ഇത് കുടുംബത്തെ ഒന്നാകെ നടുക്കി. തുടര്‍ന്ന് പുഷ്പലതയുടെ അമ്മ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയും ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തു. ഒടുവില്‍ പൊലീസ് അവരെ കണ്ടെത്തി. അപ്പോഴും സമ്മാനത്തുക ലഭിക്കുമെന്ന് തന്നെ ഉറച്ച വിശ്വാസത്തിലായിരുന്നു പുഷ്പലത. തട്ടിപ്പുകാര്‍ പറഞ്ഞ കഥകളെല്ലാം അവള്‍ വിശ്വസിച്ചു. അവര്‍ നല്ല ആളുകളാണെന്നും പൊലീസിനോട് പറഞ്ഞു. പുഷ്പലതയുടെ മാനസിക നില പ്രശ്‌നമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ കൗണ്‍സിലിങ് നല്‍കുകയാണെന്നും പൊലീസ് പറഞ്ഞു. വിദേശ രാജ്യത്തുള്ള ഐപി നമ്പര്‍ ആയതിനാല്‍ പ്രതികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കായുള്ള തെരച്ചിലിലാണ് പൊലീസ്.

Summary

A housewife was scammed by a phone call claiming to have won the lottery. They lost four lakh rupees.( lottery scam in Madhya Pradesh)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com