
ന്യൂഡല്‍ഹി: രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയില്‍ കൂടുതല്‍ ഉഷ്ണതരംഗ സാഹചര്യങ്ങളും താപനിലയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. 1901 ന് ശേഷം ഏറ്റവും ചൂടേറിയ മാസം 2025 ഫെബ്രുവരിയാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഈ മാസം ശരാശരി താപനില 22.04 ഡിഗ്രി സെല്‍ഷ്യസ് ആണ്. 20.7ഡിഗ്രി സെല്‍ഷ്യസ് ശരാശരി വരുന്ന സ്ഥാനത്താണിത്. രാജ്യത്തിന്റെ മധ്യ, തെക്കന്‍ പ്രദേശങ്ങളിലും ഫെബ്രുവരിയില്‍ ഉയര്‍ന്ന താപ നില അനുഭവപ്പെട്ടു.
ജനുവരി മുതല്‍ ഫെബ്രുവരി വരെ രാജ്യത്ത് 59 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. മധ്യ ഇന്ത്യയില്‍ 89 ശതമാനം മഴക്കുറവും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ 64 ശതമാനം മഴക്കുറവും രേഖപ്പെടുത്തി. ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളും വടക്കു കിഴക്കന്‍ ഇന്ത്യയുടെ ഒറ്റപ്പെട്ട ഭാഗങ്ങളും ഒഴികെ, ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയില്‍ കൂടുതലും കുറഞ്ഞ താപനിലയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലകള്‍, വടക്ക് ഭാഗങ്ങള്‍ തെക്കുപടിഞ്ഞാറന്‍ മേഖലകള്‍, തെക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സാധാരണയില്‍ കൂടുതല്‍ താപനിലയും ഉഷ്ണതരംഗവും ഉണ്ടാകുമെന്ന പ്രവചനം കാര്‍ഷിക രംഗത്ത് ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്. പഞ്ചാബിലും ഹരിയാനയിലും ഗോതമ്പ് പോലുള്ള റാബി വിളകളുടെ വിളവെടുപ്പ് മാര്‍ച്ച് പകുതിയോടെ ആരംഭിക്കും.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ ഗോതമ്പ് ഉല്‍പ്പാദനത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വില കുതിച്ചുയരുകയാണ്. ഗോതമ്പ് ഉല്‍പ്പാദനത്തെ താപനില വര്‍ധിച്ചു നില്‍ക്കുന്നത് സാരമായി ബാധിക്കും. മാര്‍ച്ചിലെ താപ നില നിര്‍ണായകമാകുമെന്നാണ് കര്‍ണാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗോതമ്പ് ആന്റ് ബാര്‍ലി റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. ചൂടില്‍ ഇതുവരെ കുറവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഐഐഡബ്ല്യുബിആര്‍ ഡയറക്ടര്‍ ഡോ.രത്തന്‍ കുമാര്‍ സിംഗ് പറഞ്ഞു. 2025 മാര്‍ച്ചില്‍ സാധാരണ മഴ ഉണ്ടാകുമെന്നും ഐഎംഡി പ്രവചിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക