
മുംബൈ: ഓഹരി വിപണിയിലെ തട്ടിപ്പിലും ചട്ടലംഘനങ്ങളിലും സെബി മുന്‍ ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (ബിഎസ്ഇ) അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുംബൈ പൊലീസിന് പ്രത്യേക ആന്റി-കോര്‍പ്ഷന്‍ ബ്യൂറോ (എസിബി) കോടതിയുടെ നിര്‍ദേശം.
'നിയന്ത്രണപരമായ വീഴ്ചകള്‍ക്കും ഒത്തുകളിക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ട്, ന്യായവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണ്,' എസിബി കോടതി ജഡ്ജി എസ്ഇ ബംഗാര്‍ ഉത്തരവില്‍ പറഞ്ഞു. അടുത്ത 30 ദിവസത്തിനുള്ളില്‍ നിജസ്ഥിതി അറിയിക്കണമെന്നും കോടതി എസിബിയോട് നിര്‍ദേശിച്ചു. ആരോപണങ്ങള്‍ ഗുരുതര കുറ്റകൃത്യമാണെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമപാലകരുടെയും സെബിയുടെയും നിഷ്‌ക്രിയത്വത്തില്‍ സിആര്‍പിസിയുടെ വ്യവസ്ഥകള്‍ പ്രകാരം ജുഡീഷ്യല്‍ ഇടപെടല്‍ അനിവാര്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഒരു കമ്പനി ലിസ്റ്റ് ചെയ്തതില്‍ വന്‍തോതിലുള്ള സാമ്പത്തിക തട്ടിപ്പും അഴിമതിയും നടന്നതായും, സെബി മേധാവിയും ബിഎസ്ഇ ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് താനെ ആസ്ഥാനമായുള്ള പത്രപ്രവര്‍ത്തകന്‍ സനപ് ശ്രീവാസ്തവ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രതികള്‍ നടത്തിയ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട ഒരു കമ്പനിയെ ലിസ്റ്റുചെയ്യാന്‍ സെബി ഉദ്യോഗസ്ഥര്‍ അനുവദിച്ചുവെന്നും ഇത് വിപണി കൃത്രിമത്വത്തിനും നിക്ഷേപകരുടെ നഷ്ടത്തിനും കാരണമായെന്നും പരാതിയില്‍ ആരോപിക്കുന്നു. സെബിയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള ഒത്തുകളി, ഇന്‍സൈഡര്‍ ട്രേഡിങ് ലിസ്റ്റിങ്ങിന് ശേഷം പൊതു ഫണ്ട് വകമാറ്റല്‍ എന്നിവയും പരാതിയില്‍ ആരോപിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക