

അഹമ്മദാബാദ്: രണ്ട് വര്‍ഷങ്ങള്‍ക്ക് അപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ പ്രതാപം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്. സംസ്ഥാനത്ത് എന്തുകൊണ്ട് പാര്‍ട്ടിക്ക് മുന്നേറ്റം നഷ്ടമായെന്ന് പരിശോധിക്കുകയാണ് പ്രതിക്ഷനേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ദ്വിദിന സന്ദര്‍ശനവുമായി ഗുജറാത്തില്‍ എത്തിയ രാഹുല്‍ നേതാക്കളില്‍ നിന്നും തേടിയതും ഇതിനുള്ള ഉത്തരമായിരുന്നു.
വെള്ളി - ശനി ദിവസങ്ങളിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയ അദ്ദേഹം പാര്‍ട്ടി നേരിടുന്ന തുടര്‍ച്ചയായ തിരിച്ചടികളുടെ കാരണമായിരുന്നു പരിശോധിച്ചത്. എന്തുകൊണ്ടാണ് ഗുജറാത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നത്? ജനങ്ങളുടെ പ്രശ്‌നങ്ങളെ പാര്‍ട്ടി എങ്ങനെ കൈകാര്യം ചെയ്തു? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു രാഹുല്‍ പ്രധാനമായും നേതാക്കളില്‍ നിന്ന് തേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേതാക്കള്‍ക്ക് പുറമെ കോണ്‍ഗ്രസിന്റെ പോഷക പ്രസ്ഥാനങ്ങളായ കിസാന്‍ സെല്‍, ഡോക്ടര്‍ സെല്‍ തുടങ്ങി 18 കോണ്‍ഗ്രസ് സെല്ലുകളുടെ മേധാവിമാരുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങുക എന്ന സന്ദേശം കൂടിയാണ് രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ നേതാക്കള്‍ക്ക് നല്‍കുന്നത്.
ഗുജറാത്ത് സന്ദര്‍ശനത്തിലെ ആദ്യ ദിവസം 500 ഓളം കോണ്‍ഗ്രസ് നേതാക്കളുമായി തുടര്‍ച്ചയായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചകള്‍ നടത്തി. 2027 ലെ തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു പ്രധാന വിഷയം. ഗുജറാത്തില്‍ പാര്‍ട്ടിയ്ക്കായുള്ള പ്രവര്‍ത്തന രേഖ തയ്യാറാക്കി നേതാക്കള്‍ക്ക് ചുമതലകള്‍ വീതിച്ച് നല്‍കാനും യോഗങ്ങളില്‍ ധാരണയായി. ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ഗുജറാത്ത് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നിവരും യോഗങ്ങളില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് കമ്മിറ്റി ഇന്‍-ചാര്‍ജ് മുകുള്‍ വാസ്‌നിക്, സംസ്ഥാന പ്രസിഡന്റ് ശക്തിസിങ് ഗോഹില്‍, പ്രതിപക്ഷ നേതാവ് അമിത് ചാവ്ദ, എഐസിസി സംഘടനാ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരും രാഹുലിന് ഒപ്പം യോഗങ്ങളില്‍ സജീവമായിരുന്നു.
'താഴെത്തട്ടില്‍ നിന്നുള്ള നേതാക്കളോടൊപ്പം യോഗങ്ങളില്‍ പങ്കെടുത്ത രാഹുല്‍ പാര്‍ട്ടിക്ക് എവിടെയാണ് പിഴവ് സംഭവിക്കുന്നത് എന്നതിനുള്ള ഉത്തരമായിരുന്നു തേടിയത്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ പദയാത്രയുള്‍പ്പെടെയുള്ള പരിപാടികളുമായി സജീവമാകും. സംസ്ഥാനത്ത് കോണ്‍ഗ്രസ് ക്യാംപ് ഒറ്റക്കെട്ടാണെന്നും സേവാദള്‍ ദേശീയ കോ-ഓഡിനേറ്റര്‍ ലാല്‍ജി ദേശായി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates