തൊഴിലുറപ്പ്: അര്‍ഹമായ വേതനം ഉറപ്പാക്കാന്‍ ബദല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ലഭ്യമാക്കണം; പാര്‍ലമെന്ററി സമിതി ശുപാര്‍ശ

'സാങ്കേതിക വിദ്യ മൂലം യഥാർത്ഥ ​ഗുണഭോക്താക്കൾ പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെടാൻ പാടില്ല'
 MGNREGA workers
തൊഴിലുറപ്പ് തൊഴിലാളികൾ ഫയൽ
Updated on

ന്യൂഡല്‍ഹി: ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബദല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് പാര്‍ലമെന്ററി സമിതി. തൊഴിലാളികള്‍ക്കുള്ള ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനം (എപിബിഎസ്) ഓപ്ഷണലായി നിലനിര്‍ത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

2025-26 കാലത്തെ ഗ്രാന്റുകള്‍ക്കായുള്ള ആവശ്യങ്ങള്‍ സംബന്ധിച്ച് ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സമിതിയുടെ ശുപാര്‍ശ. സാങ്കേതിക വിദ്യ നിര്‍ബന്ധമാക്കരുത്. ഇതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ മൂലം യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെടാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് എംപി സപ്തഗിരി ശങ്കര്‍ ഉലകയുടെ നേതൃത്വത്തിലുള്ള സമിതി ചൂണ്ടിക്കാട്ടി.

ആധാറും ജോബ് കാര്‍ഡ് രേഖകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ മൂലം പലപ്പോഴായി തൊഴിലാളികള്‍ തെറ്റായി നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും സമിതി വ്യക്തമാക്കി. 2024 ജനുവരി ഒന്നു മുതലാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കിയത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള അവിദഗ്ധ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വേതനം കൈമാറാന്‍ എബിപിഎസ് സൗകര്യമൊരുക്കുന്നു. ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകള്‍ മാറ്റുകയോ ബന്ധപ്പെട്ട വിവരം പ്രോഗ്രാം ഓഫീസറെ അറിയിച്ചില്ലെങ്കില്‍പ്പോലും എബിപിഎസ് വഴി പണം അക്കൗണ്ടുകളിലെത്തുന്നു.

അതിനാല്‍, എബിപിഎസ് ഓപ്ഷണലായി തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനും ബദല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ലഭ്യമാക്കാനുംസമിതി ഗ്രാമവികസന വകുപ്പിനോട് ആവശ്യപ്പെട്ടു. ആധാര്‍ ഇല്ലാത്ത തൊഴിലാളികള്‍ക്കോ ബയോമെട്രിക് ഓതന്റിഫിക്കേഷന്‍ പ്രശ്‌നം നേരിടുന്നവരോ വേതനം ലഭിക്കാതെ പോകുന്നത് ഇതു മൂലം ഒഴിവാക്കാനാകും.

തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തിദിനങ്ങളുടെ എണ്ണം 100 ല്‍ നിന്നും 150 ആയി ഉയര്‍ത്തണം. MGNREGA പ്രകാരമുള്ള പ്രവൃത്തികളുടെ സ്വഭാവം കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നടന്നു കൊണ്ടിരിക്കുന്ന ഗ്രാമവികസന പദ്ധതികള്‍ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ കുടിശ്ശികയുള്ള പേയ്മെന്റുകള്‍ കാലതാമസമില്ലാതെ നല്‍കണമെന്നും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com