ഭോപ്പാല്‍: വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞാല്‍ ചുറ്റിയടിക്കാന്‍ നില്‍ക്കാതെ നേരെ വീടുകളിലേക്കു പോവാന്‍ യുവാക്കളോട് മുസ്ലിം മത നേതാക്കളുടെ ആഹ്വാനം. ഹോളിയും വെള്ളിയാഴ്ച നമസ്‌കാരവും ഒരുമിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.
പടിഞ്ഞാറന്‍ മധ്യപ്രദേശിലെ റത്‌ലം നഗരത്തില്‍ ഇന്നലെ സമാധാന കമ്മിറ്റി യോഗം ചേര്‍ന്ന് സാഹചര്യം ചര്‍ച്ച ചെയ്തു. വെള്ളിയാഴ്ച നമസ്‌കാരവും ഹോളി ആഘോഷവും ഒരുമിച്ചു വരുന്ന സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.
നമസ്‌കാരത്തിനു ശേഷം ചുറ്റിയടിക്കാന്‍ നില്‍ക്കാതെ വീട്ടിലേക്കു മടങ്ങാന്‍ യുവാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മസ്ജിദ് കമ്മിറ്റി ഭാരവാഹിയായ മുഹമ്മദ് ഷാബിര്‍ ഹസന്‍ പറഞ്ഞു. പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പ്രത്യേകമായ നിര്‍ദേശം നല്‍കിയത്.
ഹോളി ആഘോഷത്തിന്റെ ഭാഗമായി നിറങ്ങള്‍ ചൊരിയുന്നവര്‍ക്കു നേരെ ദേഷ്യത്തോടെ പ്രതികരിക്കരുതെന്ന് രത്‌ലം ക്വാസി മൗലവി സയിദ് ക്വാസി അഹമ്മദ് അലി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. അബദ്ധത്തില്‍ ആവാം അവര്‍ നിറങ്ങള്‍ എറിയുന്നത്. അതിനെ പുഞ്ചിരിയോടെ നേരിടണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിക്കുന്നു. നഗരത്തില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന ഒരു നടപടിയും പാടില്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക