പരസ്യങ്ങളിലൂടെ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു; വിജയ് ദേവരക്കൊണ്ട, പ്രകാശ് രാജ് തുടങ്ങി 25 പേര്‍ക്കെതിരെ കേസ്

റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, പ്രണീത, ലക്ഷ്മി മാന്‍ജു, നിധി അഗര്‍വാള്‍ തുടങ്ങിയ സിനിമ താരങ്ങള്‍ക്കും 19 സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും എതിരെയാണ് കേസ്
പരസ്യങ്ങളിലൂടെ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു; വിജയ് ദേവരക്കൊണ്ട, പ്രകാശ് രാജ് തുടങ്ങി 25 പേര്‍ക്കെതിരെ കേസ്
Updated on

ഹൈദരാബാദ്: ഓണ്‍ലൈന്‍ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയില്‍ തെന്നിന്ത്യന്‍ സിനിമ താരങ്ങള്‍ ഉള്‍പ്പടെ 25 പേര്‍ക്കെതിരെ കേസ്. റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, പ്രണീത, ലക്ഷ്മി മാന്‍ജു, നിധി അഗര്‍വാള്‍ തുടങ്ങിയ സിനിമ താരങ്ങള്‍ക്കും 19 സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും എതിരെയാണ് കേസ്. വ്യവസായിയായ പിഎം ഫണീന്ദ്ര ശര്‍മ നല്‍കിയ പരാതിയിലാണ് നടപടി.

സിനിമ താരങ്ങളും മറ്റ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ ബെറ്റിങ് ആപ്പുകളുടെ പ്രചാരകരാകുന്നു എന്നാണ് പരാതി. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ ഇവര്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നു എന്നും ഫണീന്ദ്ര ശര്‍മ പരാതിയില്‍ ആരോപിക്കുന്നു.

സിനിമ താരങ്ങള്‍ക്ക് പുറമെ അനന്യ നാഗെല്ല, സിരി ഹനുമന്തു, ശ്രീമുഖി, വര്‍ഷിണി സൗന്ദര്‍രാജന്‍, വാസന്തി കൃഷ്ണന്‍, ശോഭ ഷെട്ടി, അമൃത ചൗദരി, നയനി പാവനി, നേഹ പഠാന്‍, പാണ്ഡു, പദ്മാവതി, ഇമ്രാന്‍ ഖാന്‍, വിഷ്ണു പ്രിയ, ഹര്‍ഷ സായ്, ബയ്യ സണ്ണി യാദവ്, ഷിധര്‍ ഷെജമാല, ശ്യാമള, ഷിധര്‍, ശ്യാമള. സുപ്രിത തുടങ്ങിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പേരിലും പരാതിയുണ്ട്.

വന്‍ തോതില്‍ പ്രതിഫലം കൈപ്പറ്റിയാണ് താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും ഇത്തരം ആപ്പുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. പരസ്യങ്ങളിലെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ആളുകള്‍ ഇത്തരം ആപ്ലിക്കേഷനുകളിലൂടെ വലിയ തോതില്‍ പണം ഇതിനായി വിനിയോഗിക്കുന്നു. തുര്‍ച്ചയായ ഉപയോഗം ആളുകളെ ചൂതാട്ടത്തിന് അടിമകളാക്കുകയും പിന്നീട് സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായും പരാതി ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി എത്തുന്ന ഇത്തരം ആപ്പുകളിലേക്ക് ആളുകള്‍ വേഗത്തില്‍ ആകര്‍ഷിക്കപ്പെടുന്ന നിലയുണ്ട് എന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

തെലങ്കാന ഗെയിമിങ് ആക്ടിലെ സെക്ഷന്‍ 3, 3(എ), 4, ബിഎന്‍എസിലെ സെക്ഷന്‍ 318(4), 112, സെക്ഷന്‍ 49, ഐടി ആക്ടിലെ സെക്ഷന്‍ 66-ഡി എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com