photos of burnt currency from judge’s residence
കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ, ജസ്റ്റിസ് യശ്വന്ത് വർമ

കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍, ചിത്രങ്ങളും വീഡിയോയും പുറത്ത് ; ജഡ്ജിക്കെതിരെ അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതി പുറത്തുവിട്ടു
Published on

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു. ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്താനും നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതി പുറത്തുവിട്ടു.

ഇതോടൊപ്പം കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുപ്രീംകോടതി പുറത്തു വിട്ടിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്താവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്.

ഇവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി തുടര്‍നടപടികള്‍ സ്വീകരിക്കുക. ഹോലി ദിവസമായ മാര്‍ച്ച് 14 ന് രാത്രി 11. 35 നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയുടെ സ്‌റ്റോര്‍ റൂമില്‍ തീപിടിത്തമുണ്ടായത്. തീ അണച്ചശേഷം നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ നടത്തിയ പരിശോധനയിലാണ് പാതി കത്തിയ നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തുന്നത്.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ നിഷേധിച്ചു. തീപിടിച്ചതും പണം കണ്ടെത്തിയതുമായ മുറി ജഡ്ജിയും കുടുംബവും താമസിക്കുന്ന പ്രധാന കെട്ടിടമല്ലെന്നും ഔട്ട്ഹൗസാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റോര്‍ റൂമില്‍ താനോ കുടുംബാംഗങ്ങളോ പണം സൂക്ഷിച്ചിട്ടില്ല. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന് സമീപമുള്ള തുറന്നതും, എളുപ്പത്തില്‍ ആര്‍ക്കും കടന്നെത്താവുന്നതും, സാധാരണയായി ഉപയോഗിക്കുന്നതുമായ സ്റ്റോര്‍റൂമിലോ അല്ലെങ്കില്‍ ഔട്ട്ഹൗസിലോ പണം സൂക്ഷിച്ചുവെന്ന ആരോപണം അവിശ്വസനീയവും അസംബന്ധവുമാണ്.

ഔദ്യോഗിക വസതിയില്‍ നിന്ന് പൂര്‍ണ്ണമായും വേര്‍പെടുത്തിയ ഒരു മുറിയാണിത്. താന്‍ താമസിക്കുന്ന വസതിയില്‍ നിന്നും മതില്‍ കെട്ടി വേര്‍ത്രിച്ച ഭാഗത്താണ് ഔട്ട്ഹൗസ് സ്ഥിതി ചെയ്യുന്നത്. തീപിടിത്തമുണ്ടായ സമയത്ത് താന്‍ ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നില്ല. താനോ കുടുംബമോ താമസിച്ചിരുന്ന സ്ഥലത്തു നിന്നും ഒരു പണവും കണ്ടെത്തിയിട്ടില്ല. ജഡ്ജി എന്ന നിലയില്‍ തന്റെ പ്രശസ്തിയും സ്വഭാവവും കളങ്കപ്പെടുത്തുക ലക്ഷ്യമിട്ടാണ് ആരോപണങ്ങളെന്നും ജസ്റ്റിസ് യശ്വന്ത് വര്‍മ വിശദീകരണത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com