'ഞെട്ടിക്കുന്നത്, മനുഷ്യത്വ രഹിതം'; അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം, സ്‌റ്റേ

വിധിന്യായത്തിലെ ചില പരാമര്‍ശങ്ങള്‍ അനുചിതമാണെന്ന് വേദനയോടെ പറയേണ്ടി വരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു
supreme court
സുപ്രീംകോടതിഫയല്‍
Updated on

ന്യൂഡല്‍ഹി: പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും, പൈജാമയുടെ ചരടു പിടിച്ചുവലിക്കുന്നതും ബലാത്സംഗ ശ്രമമായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഹൈക്കോടതി ജഡ്ജിയുടെ വിവാദപരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ല. ഹൈക്കോടതി ഉത്തരവ് മനുഷ്യത്വരഹിതവും ഞെട്ടിക്കുന്നതുമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വിവാദ ഉത്തരവിലെ പരാമര്‍ശങ്ങള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു.

ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. പോക്‌സോ കേസില്‍, അലഹാബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഹൈക്കോടതി വിധിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസ് ഗവായ്, ഹൈക്കോടതി ജഡ്ജിയുടെ വിധിന്യായത്തിലെ ചില പരാമര്‍ശങ്ങള്‍ അനുചിതമാണെന്ന് വേദനയോടെ പറയേണ്ടി വരുന്നുവെന്ന് നിരീക്ഷിച്ചു.

വിധി പെട്ടെന്ന് പുറപ്പെടുവിച്ചതല്ലെന്നും, ഏകദേശം നാല് മാസത്തോളം മാറ്റിവെച്ചതിന് ശേഷമാണ് പുറപ്പെടുവിച്ചതെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിനര്‍ത്ഥം മാനസികമായ വിലയിരുത്തലിനും ഉചിതമായ പരിശോധനകള്‍ക്കും ശേഷം പുറപ്പെടുവിച്ചതാണെന്ന് കണക്കാക്കണം. തികച്ചും മനുഷ്യത്വരഹിതമാണത് എന്നും സുപ്രീംകോടതി വിലയിരുത്തി. 'വീ ദ വിമന്‍ ഓഫ് ഇന്ത്യ' എന്ന എന്‍ജിഒയ്ക്ക് വേണ്ടി അഭിഭാഷക ശോഭ ഗുപ്ത അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി അലഹബാദ് ഹൈക്കോടതി വിധി പരിശോധിച്ചത്.

ഉത്തര്‍പ്രദേശില്‍ പവന്‍, ആകാശ് എന്നിവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും പൈജാമയുടെ ചരട് പിടിച്ചുവലിക്കുകയും പീന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആ സമയം അതുവഴി ഒരാള്‍ വരുന്നത് കണ്ട് അവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഈ കേസില്‍ രണ്ട് പ്രതികളും വിചാരണ നേരിടണമെന്ന് കീഴ്‌ക്കോടതി ഉത്തരവ് ഇട്ടിരുന്നു. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്ര വിവാദ പരാമർശം പുറപ്പെടുവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com