
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയതില്‍ അന്വേഷണം നേരിടുന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. ജസ്റ്റിസ് യശ്വന്ത് വര്‍മയെ സ്ഥലംമാറ്റാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറപ്പെടുവിച്ചു.
ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനുള്ള കൊളീജിയം തീരുമാനത്തിനെതിരെ അലഹാബാദ് ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദിലേക്കു മാറ്റുന്നതില്‍ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്കും ആരംഭിച്ചിരുന്നു. ഈ പ്രതിഷേധം അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ഹോളി ദിവസമായ മാര്‍ച്ച് 14 ന് രാത്രി 11. 35 നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയുടെ സ്‌റ്റോര്‍ റൂമില്‍ തീപിടിത്തമുണ്ടായത്. തീ അണച്ചശേഷം നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ നടത്തിയ പരിശോധനയിലാണ് പാതി കത്തിയ നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തുന്നത്. സംഭവത്തില്‍പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്താവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവരടങ്ങിയ മൂന്നംഗ അന്വേഷണ കമ്മീഷനെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് തുടർനടപടികൾ തീരുമാനിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക