

ന്യൂഡല്‍ഹി: ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചുള്ള സ്ത്രീയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി. മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫര്‍ രണ്ടാമന്റെ ചെറുമകന്റെ വിധവ സുല്‍ത്താന ബീഗമാണ് അവകാശ വാദമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. ചെങ്കോട്ടയുടെ നിമയപരമായ അവകാശി താനാണെന്ന് അവകാശപ്പെട്ടാണ് സുല്‍ത്താന ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജീവ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. രാജ്യത്തെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബാംഗമാണ് ഹര്‍ജിക്കാരിയെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ വാദങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ എന്തുകൊണ്ട് ചെങ്കോട്ട മാത്രം ആഗ്ര, ഫത്തേപുര്‍ സിക്രി തുടങ്ങിയ സ്ഥലങ്ങളിലെ കോട്ടകള്‍ എന്തുകൊണ്ട് വേണ്ട എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സുല്‍ത്താന ബീഗം നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. സിംഗിള്‍ ബെഞ്ച് ജഡ്ജിയുടെ ഉത്തരവിനെതിരെയാണ് സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ രണ്ടര വര്‍ഷത്തിന് ശേഷമാണ് അപ്പീല്‍ സമര്‍പ്പിച്ചതെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളുകയായിരുന്നു. ആരോഗ്യം മോശമായതിനാലും മകളുടെ മരണവുമാണ് അപ്പീല്‍ നല്‍കാന്‍ താമസം വന്നതെന്നായിരുന്നു സുല്‍ത്താനയുടെ വിശദീകരണം.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിയമവിരുദ്ധമായി പിടിച്ചെടുത്ത ചെങ്കോട്ട തിരികെ തരണമെന്ന അവകാശവാദവുമായി സമര്‍പ്പിച്ച ഹര്‍ജി 2021 ഡിസംബര്‍ 20നാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാര്‍ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുത്തെന്നും തുടര്‍ന്ന് ചക്രവര്‍ത്തിയ രാജ്യത്ത് നിന്ന് നാടുകടത്തി മുഗളരില്‍ നിന്ന് ചെങ്കോട്ടയുടെ കൈവശാവകാശം ബലമായി പിടിച്ചെടുത്തെന്നും ഹര്‍ജിയില്‍ പറയുന്നു. 1862 ല്‍ നവംബര്‍ 11ന് 82 ാം വയസില്‍ മരിച്ച തന്റെ പൂര്‍വികനായ ബഹദൂര്‍ ഷാ സഫര്‍ രണ്ടാമനില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച ചെങ്കോട്ടയുടെ ഉടമയാണ് ബീഗമെന്നും സ്വത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ചെങ്കോട്ട കൈമാറാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉണ്ടായിരുന്നു. അല്ലെങ്കില്‍ മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates