1947 ലെ യുദ്ധം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ - ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ചരിത്രം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിനും യുദ്ധങ്ങൾക്കും സ്വാതന്ത്ര്യ കാലം മുതലുള്ള ചരിത്രമുണ്ട്. ഇതുവരെ നാല് യുദ്ധങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്നിട്ടുള്ളത്.
From 1947 war to Operation Sindoor: Tracing India-Pak's history of clashes
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ചരിത്രംപ്രതീകാത്മക ചിത്രം
Updated on
2 min read


ലോകത്തെ തന്നെ ഞെട്ടിച്ച ഭീകരാക്രമണമാണ് ഏപ്രിലിൽ കശ്മീരിൽ സംഭവിച്ചത്. കശ്മീരിലെത്തിയ വിനോദസഞ്ചാരികൾ ഉൾപ്പടെ 26 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിന്നിരുന്ന അന്തരീക്ഷം വീണ്ടും സംഘർഷഭരിതമായി. പാകിസ്ഥാൻ പിന്തുണയുള്ള  ദ് റെസിസ്റ്റൻസ് ഫ്രണ്ട് ( ടി ആർ എഫ് ) ആണ് സംഭവത്തിന് പിന്നിൽ എന്ന് ഇന്ത്യ ആരോപിച്ചു. ദാരുണമായ പഹൽഗാം സംഭവം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോൾ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട് നടത്തിയ തിരച്ചിടിയിൽ പാകിസ്ഥാനിലെ ഒമ്പതിടങ്ങളിലെ ഭീകരാക്രമണ കേന്ദ്രങ്ങൾ ആക്രമിച്ചു.


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിനും യുദ്ധങ്ങൾക്കും  സ്വാതന്ത്ര്യ കാലം മുതലുള്ള ചരിത്രമുണ്ട്. ഇതുവരെ നാല് യുദ്ധങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്നിട്ടുള്ളത്.

കൊളോണിയൽ ആധിപത്യത്തിൽ നിന്ന് വിമോചനം നേടിയ ശേഷം രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ട ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഇടയിൽ നിലനിന്നിരുന്ന തർക്കങ്ങൾ, പ്രത്യേകിച്ച് കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാകിസ്ഥാൻ സമീപനം  പലപ്പോഴും യുദ്ധത്തിനും യുദ്ധസമാന സാഹചര്യങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്.
സ്വതന്ത്ര്യാനന്തരം ഇതുവരെയുള്ള 77 വർഷങ്ങൾക്കിടയിൽ ഇന്ത്യയിലും പാകിസ്ഥാനും തമ്മിൽ നാല് യുദ്ധങ്ങളാണ് സംഭവിച്ചത്.

ഇന്ത്യാ - പാകിസ്ഥാൻ എന്നീ രണ്ട് രാഷ്ട്രങ്ങളുടെ രൂപീകരണത്തിന് ശേഷം 1947- 48 ൽ തന്നെ കശ്മീരുമായി  ബന്ധപ്പെട്ട വിഷയത്തിലുണ്ടായ തർക്കം യുദ്ധത്തിലെത്തി ചേർന്നു. തുടർന്ന് 1949 ലെ കറാച്ചി കരാറിനെ തുടർന്ന് 830 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി രേഖ നിശ്ചയിക്കപ്പെട്ടു. യു എൻ ഇടപെടലിലൂടെയാണ്  ഈ കരാർ നടപ്പായത്.

ഒന്നരപതിറ്റാണ്ടിന് ശേഷം 1965 ൽ വീണ്ടും ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിന് വഴിയൊരുങ്ങി.  ഓപ്പറേഷൻ ജിബ്രൾട്ടർ എന്ന് പേരിട്ട് പാകിസ്ഥാൻ ആരംഭിച്ച ആക്രമമാണ് 17 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് വഴിതുറന്നത്. 1965 ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായിരുന്നു ആ യുദ്ധം നടന്നത്.പാകിസ്ഥാൻ,  ജമ്മുകശ്മീരിലേക്ക് നുഴഞ്ഞുകയറ്റം നടത്തിക്കൊണ്ടായിരുന്നു ആ യുദ്ധത്തിന് തുടക്കമിട്ടത്.   അന്നത്തെ ശീതയുദ്ധകാലത്തെ പരസ്പരം പോരടിച്ചിരുന്ന സോവിയറ്റ് യൂണിയൻ, യു എസ്  എന്നിവരുടെ മുൻകൈയിൽ  യു എൻ സുരക്ഷാ കൗൺസിൽ ഇടപ്പെട്ടായിരുന്നു  1965ലെ യുദ്ധവിരാമ കരാർ നടപ്പാക്കിയത്. താഷ്ക്കൻറ് കരാർ പ്രകാരം അന്ന് ഇരുഭാഗത്തം ഒട്ടേറെ ജീവൻ നഷ്ടമായി. യുദ്ധവിരാമം സംഭവിച്ചുവെങ്കിലും ഈ പ്രദേശത്തെ സംഘർഷത്തിന് കാര്യമായ അയവുണ്ടായില്ല.

ആറ് വർഷങ്ങൾക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മൂന്നാമത്തെ യുദ്ധമുണ്ടായി. ഇന്ന് ബംഗ്ലാദേശ് എന്നറിയപ്പെടുന്ന  കിഴക്കൻ പാകിസ്ഥാൻ വിമോചനവുമായി ബന്ധപ്പെട്ടായിരുന്നു ആ യുദ്ധം. 1971 ഡിസംബർ മൂന്നിന് ബംഗ്ലാദേശ് വിമോചനവുമായി ബന്ധപ്പെട്ട് നടന്ന ആഭ്യന്തര പ്രശ്നങ്ങളുടെ സാഹചര്യത്തിൽ പാകിസ്ഥാൻ, ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് പേരിട്ട്  ഇന്ത്യയുടെ വ്യോമമേഖലയിൽ ആക്രമണം നടത്തിക്കൊണ്ടായിരുന്നു യുദ്ധത്തിന് തുടക്കമിട്ടത്. 13 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ പാകിസ്ഥാന് കനത്ത പരാജയം ഏറ്റുവാങ്ങി യുദ്ധം അവസാനിപ്പിക്കേണ്ടി വന്നു. പാകിസ്ഥാൻ സൈന്യം  കീഴടങ്ങി

ബംഗ്ലാദേശ് യുദ്ധം എന്നറിയപ്പെടുന്ന മൂന്നാമത്തെ ഇന്ത്യ- പാകിസ്ഥആൻ യുദ്ധത്തിന് തൊട്ടടുത്ത വർഷം 1972  ജൂലൈ രണ്ടിന്  ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിംല കരാറിൽ ഒപ്പുവച്ചു. സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും വിഷയങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കുന്നതിനും ലൈൻ ഓഫ് കൺട്രോൾ ( നിയന്ത്രണ രേഖ - എൽ ഒ സി) അംഗീകരിക്കുന്നതിനും ഈ കരാർ വഴിയൊരുക്കി.  സിംല കരാറിന് ശേഷം 27 വർഷത്തിന് ശേഷമാണ് 1999 ലായിരുന്നു പാകിസ്ഥാൻ നടപടി നാലാമത്തെ യുദ്ധത്തിലേക്ക് നയിച്ചത്. സിലംകരാർ പ്രകാരമുള്ള  നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാൻ സൈനികർ ഇന്ത്യയിലേക്ക് കടന്നതാണ് 1999ലെ യുദ്ധത്തിന് കാരണമായത്. കശ്മീരിലെ കാർഗിലിൽ പ്രദേശം കേന്ദ്രീകരിച്ച് നടന്ന യുദ്ധമായതിനാൽ ഇതിനെ കാർഗിൽ യുദ്ധം എന്നാണ് അറിയപ്പെടുന്നത്. 1999 മെയ് മുതൽ ജൂലൈ വരെ നീണ്ടു നിന്ന ഈ യുദ്ധത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായി.  

പാകിസ്ഥാൻ കടന്നുകയറി പ്രദേശങ്ങൾ ഇന്ത്യ തിരികെ പിടിച്ചെടുത്തതിന് തുടർന്ന് ജൂലൈ 26 ന് യുദ്ധം അവസാനിച്ചു.കാർഗിൽ യുദ്ധത്തിന് ശേഷം വീണ്ടും അതിശക്തമായ ആക്രമണവും തിരിച്ചടിയുമുണ്ടാകുന്നത് 2016ലാണ്. 2016 സെപ്തബറിൽ ജമ്മുക്ശമീരിലെ ഉറിയിൽ ഇന്ത്യൻ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടന്നു. ഈ ഭീകരാക്രമണത്തിൽ 17 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു.  ഇതിന് തിരിച്ചടിയായി പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ ഇന്ത്യ  സർജിക്കൽ സ്ട്രൈക്ക് നടത്തി.  ഉറി ആക്രമണത്തിന് മൂന്ന് വർഷത്തിന് ശേഷം പുൽവാമയിൽ നടത്തിയ ഭീകരാക്രമണം വീണ്ടും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാക്കി.

2019 ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന ആക്രമണത്തിൽ 44 സി ആർ പി എഫ് സൈനികരുടെ ജീവൻ നഷ്ടമായി. ഇതിന് തിരിച്ചടിയായി ബലാകോട്ടിലെ ജെയ്ഷെ ഇ മുഹമ്മദിൻറെ താവലങ്ങളിലേക്ക് വ്യോമാക്രമണം നടത്തി.കഴിഞ്ഞ വർഷം ഒന്നിലേറെ ആക്രമണ സംഭവങ്ങൾ കശ്മീരിൽ നടന്നിരുന്നു. ലഡാക്കിലേക്കുള്ള ടണൽ നിർമ്മണം നടന്നിരുന്ന പ്രദേശത്ത് 2024 ഒക്ടോബറിൽ  നടന്ന ആക്രമണത്തിൽ  ഏഴുപേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ആറ് പേർ കുടിയേറ്റത്തൊഴിലാളികളും ഒരാൾ ഡോക്ടറുമായിരന്നു. ഈ ആക്രമണത്തിൻറെ ഉത്തരവാാദിത്വം ദ് റസിസ്റ്റൻസ് ഫ്രണ്ട് ( ടി ആർ എഫ്) ഏറ്റെടുത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലും ഈ സംഘടനയുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com