

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങളില്‍ സൈന്യം ആക്രമണം നടത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒമ്പതു ഭീകരക്യാമ്പുകളാണ് തകര്‍ത്തത്. ഇന്ത്യന്‍ ആക്രമണത്തില്‍ ഒരു സിവിലിയന്‍ പോലും മരിച്ചിട്ടില്ല. വളരെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് ആക്രമണം നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ പങ്ക് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരതക്കുള്ള മറുപടിയാണ് ഇന്ത്യ നല്‍കിയത്. തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ അവകാശമാണ് വിനിയോഗിച്ചത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാകിസ്ഥാന്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ അവര്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. പാകിസ്ഥാന്‍ ഭീകരരുടെ സുരക്ഷിത സ്വര്‍ഗമാണ്. പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായി രണ്ടാഴ്ച കഴിഞ്ഞിട്ടും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഭീകരര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും വിക്രം മിസ്രി കുറ്റപ്പെടുത്തി.
പഹല്‍ഗാം ആക്രമണത്തിന് ശേഷവും, ഇന്ത്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അവ തടയുകയും നേരിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഔദ്യോഗിക പ്രസ്താവനയില്‍ നിന്ന് ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന പരാമര്‍ശം നീക്കം ചെയ്യാന്‍ പാകിസ്ഥാന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചുവെന്ന് വിക്രം മിസ്രി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പം, കരസേനയിലെ കേണല്‍ സോഫിയ ഖുറേഷി, വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരും പങ്കെടുത്തു. സൈനിക ആക്രമണത്തിന്റെ വിശദാംശങ്ങളും, ആക്രണം നടത്തിയ ഭീകര കേന്ദ്രങ്ങളും ഇരു സൈനിക ഓഫീസര്‍മാരും വിശദീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തിന്റെ വീഡിയോയും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
പാകിസ്ഥാനിലെ ഒമ്പതു ഭീകര ക്യാംപുകളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. പാക് അതിര്‍ത്തിക്ക് 18 കിലോമീറ്റര്‍ ഉള്ളിലെ ഭീകര ക്യാംപും തകര്‍ത്തു. പാകിസ്ഥാനില്‍ 21 ഓളം ഭീകര ക്യാംപുകളാണ് ഉള്ളത്. ഒസാമ ബിന്‍ ലാദന്‍ പണം നല്‍കി നിര്‍മ്മിച്ച കേന്ദ്രവും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. മുംബൈ ഭീകരാക്രമണത്തിലെ പ്രതികളായ അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവര്‍ പരിശീലന നേടിയ മുറിഡ്‌കെയിലെ ഭീകര ക്യാംപുകള്‍ അടക്കം തകര്‍ത്തവയില്‍പ്പെടുന്നു. ബഹവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മര്‍കസ് സുബഹാന്‍ അള്ളായും ആക്രമിച്ചവയില്‍പ്പെടുന്നു.
‘കൊളാറ്ററൽ ഡാമേജ്’ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങൾ പോലും തിരഞ്ഞെടുത്തത്. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയൊന്നും ലക്ഷ്യമിട്ടിട്ടില്ല. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രകോപനം ഉണ്ടായാൽ ഇന്ത്യ തിരിച്ചടിക്കും. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യൻ സേന നടത്തിയിട്ടുണ്ടെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates