പാകിസ്ഥാനെ വിറപ്പിച്ച ഓപ്പറേഷന്‍ സിന്ദൂറിന് ചുക്കാന്‍ പിടിച്ച സേനാ ഓഫീസര്‍മാര്‍ ഇവര്‍

ഇന്ത്യയുടെ സൈനിക കരുത്തും, കൃത്യതയും ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയ ഒന്നായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍
Operation Sindoor Military Attack
ഓപ്പറേഷൻ സിന്ദൂറിന് ചുക്കാൻ പിടിച്ച ഉദ്യോ​ഗസ്ഥർ എപി
Updated on
2 min read

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനെ വിറപ്പിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടി ലോകരാജ്യങ്ങള്‍ക്കിടയില്‍ വരെ ചര്‍ച്ചയായി. ഇന്ത്യയുടെ സൈനിക കരുത്തും, ആക്രമണത്തിലെ കൃത്യതയും ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയ ഒന്നായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഈ ഓപ്പറേഷന് ചുക്കാന്‍ പിടിച്ചത് സൈന്യത്തിലെ തന്ത്രപ്രധാന ചുമതല വഹിച്ചിരുന്ന നാല് ഓഫീസര്‍മാരാണ്. അവരെ പരിചയപ്പെടാം.

മെയ് ഏഴിനായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാക് അധീന കശ്മീരിലും പാകിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയിലും ഇന്ത്യയുടെ സൈനിക ഓപറേഷന്‍. പാകിസ്ഥാന്റെ ഭൂമിയിലുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ച് തകര്‍ത്തത്. ജെയ്ഷ്- ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരനും സഹോദരിയും അടക്കം നൂറോളം ഭീകരരാണ് ഇന്ത്യന്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയായി പാക് സൈന്യം ആക്രമണം നടത്തിയപ്പോള്‍, പാകിസ്ഥാന്റെ വ്യോമതാവളം അടക്കം ഇന്ത്യന്‍ സൈന്യം ആക്രമിച്ചിരുന്നു.

ലഫ്. ജനറല്‍ രാജീവ് ഘായ് (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് -ഡിജിഎംഒ), എയര്‍ മാര്‍ഷല്‍ എ കെ ഭാര്‍തി (ഡയറക്ടര്‍ ജനറല്‍ എയര്‍ ഓപ്പറേഷന്‍സ്-ഡിജിഎഒ), വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ് (ഡയറക്ടര്‍ ജനറല്‍ നേവല്‍ ഓപറേഷന്‍സ്-ഡിജിഎന്‍ഒ), മേജര്‍ ജനറല്‍ സന്ദീപ് എസ് ശാര്‍ദ (ഡയറക്ടര്‍ ജനറല്‍ അറ്റ് ദ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍) എന്നിവരാണ് ഓപ്പറേഷന്‍ സിന്ദൂറിന് നേതൃത്വം നല്‍കിയത്.

ലഫ്. ജനറല്‍ രാജീവ് ഘായ്

നിലവില്‍ ഇന്ത്യന്‍ കരസേനയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ആണ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്. 2024 ഒക്ടോബറിലാണ് ഈ പദവിയില്‍ നിയമിതനാകുന്നത്. ഇതിന് മുമ്പ് ചിന്നാര്‍ കോര്‍പ്‌സിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് (ജിഒസി) ആയിരുന്നു. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) പ്രവര്‍ത്തിച്ച് പരിചയസമ്പത്തുള്ള സൈനിക ഓഫീസറാണ് ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്.

എയര്‍ മാര്‍ഷല്‍ എ കെ ഭാര്‍തി

നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍ ഓപ്പറേഷന്‍സ് ആണ് എയര്‍ മാര്‍ഷല്‍ എ കെ ഭാര്‍തി. സേനയിലെ മികച്ച യുദ്ധതന്ത്രജ്ഞനും, ആസൂത്രണ മികവുള്ള ലീഡര്‍ കൂടിയാണ് ഇദ്ദേഹം. ഇതിനുമുമ്പ്, ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ആസ്ഥാനത്തും സെന്‍ട്രല്‍ എയര്‍ കമാന്‍ഡിലും വിവിധ പദവികളില്‍ ഭാര്‍തി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ്

നിലവില്‍ ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് നേവല്‍ ഓപ്പറേഷന്‍സ് ആണ് വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ്. ഇന്ത്യന്‍ നാവികസേനയിലെ ഫ്‌ലാഗ് ഓഫീസറാണ്. ഇതിനുമുമ്പ് മഹാരാഷ്ട്ര നാവിക മേഖലയുടെ ഫ്‌ലാഗ് ഓഫീസറായും ഇന്ത്യന്‍ നാവിക അക്കാദമിയുടെ ഡെപ്യൂട്ടി കമാന്‍ഡന്റ് ആന്റ് ചീഫ് ഇന്‍സ്ട്രക്ടറായും വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മേജര്‍ ജനറല്‍ എസ് എസ് ശാര്‍ദ

ഡയറക്ടര്‍ ജനറല്‍ അറ്റ് ദ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ എന്ന തന്ത്രപ്രധാന ചുമതല വഹിക്കുന്ന സേനാ ഓഫീസറാണ് മേജര്‍ ജനറല്‍ സന്ദീപ് എസ് ശാര്‍ദ. നിലവില്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിക്കുന്നു. സായുധ സേനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കിടുന്നതില്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പോലുള്ളവയ്ക്ക് നോട്ടീസ് അയയ്ക്കുന്നതിനുള്ള 'നോഡല്‍ ഓഫീസര്‍' മേജര്‍ ജനറല്‍ എസ് എസ് ശാര്‍ദയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com