
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ നിലപാട് തള്ളി ഇന്ത്യ. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മൂന്നാം കക്ഷിയില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളും ഇടപാടുകളും ഉഭയകക്ഷിപരമാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിലപാടാണിത്. സിന്ധു നദീജലക്കാര്‍ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഭീകരതയെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്റെ പക്കല്‍ കൈമാറേണ്ട ഭീകരരുടെ പട്ടികയുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. അതു ചെയ്താല്‍ മാത്രമാണ് ചര്‍ച്ചയുള്ളൂ. ഭീകര കേന്ദ്രങ്ങള്‍ പാകിസ്ഥാന്‍ അടച്ചുപൂട്ടണമെന്ന് ജയ്ശങ്കര്‍ ആവശ്യപ്പെട്ടു.
തീവ്രവാദത്തില്‍ എന്തുചെയ്യണമെന്ന് പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ തയ്യാറാണ്. ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം കണ്ടു. ആരാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത് എന്നത് എല്ലാവര്‍ക്കും വ്യക്തമാണ്. ഇന്ത്യ പാകിസ്ഥാന്‍ സൈന്യത്തെ ആക്രമിച്ചില്ല. അതിനാല്‍ പാക് സൈന്യത്തിന് മാറിനില്‍ക്കാനും ഇടപെടാതിരിക്കാനുമുള്ള അവസരം ഉണ്ടായിരുന്നു. ഇന്ത്യ എന്തുമാത്രം നാശനഷ്ടങ്ങള്‍ വരുത്തി എന്നത് ഉപഗ്രഹ ചിത്രങ്ങളിലൂടെ വ്യക്തമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ