'ഓപ്പറേഷന്‍ സിന്ദൂര്‍ വെറും ഷോ ഓഫ്; നാല് വിമാനം അങ്ങോട്ടും ഇങ്ങോട്ടും പറന്നു'; വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ

ഒന്നും നടന്നിട്ടില്ല. ഷോ ഓഫ് കാണിക്കാനായി നാല് വിമാനം അങ്ങോട്ടും ഇങ്ങോട്ടും പോയിവന്നു. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മനുഷ്യജീവനുകള്‍ക്ക് അത് പകരമാകുമോ?
Kothur G Manjunath
കോതൂര്‍ ജി മഞ്ജുനാഥ്
Updated on

ബംഗളൂരു; പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെതിരെ വിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ കോതൂര്‍ ജി മഞ്ജുനാഥ്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ എന്താണ് സംഭവിച്ചതെന്ന് എംഎല്‍എ ചോദിച്ചും എല്ലാം വെറും ഷോ ഓഫ് മാത്രമായിരുന്നെന്നും എംഎല്‍എ പറഞ്ഞു.

'ഒന്നും നടന്നിട്ടില്ല. ഷോ ഓഫ് കാണിക്കാനായി നാല് വിമാനം അങ്ങോട്ടും ഇങ്ങോട്ടും പോയിവന്നു. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മനുഷ്യജീവനുകള്‍ക്ക് അത് പകരമാകുമോ? കൊല്ലപ്പെട്ടവരുടെ വിധവകള്‍ക്ക് ഇങ്ങനെയാണോ പരിഹാരം നല്‍കുക? ഇത്തരത്തിലാണോ അവരോട് ബഹുമാനം കാണിക്കേണ്ടത്' എന്നാണ് മഞ്ജുനാഥ് ചോദിച്ചത്.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ എവിടെയെന്നും മഞ്ജുനാഥ് ചോദിച്ചു. 'ഓപ്പറേഷനില്‍ 100 ഭീകരരെ കൊന്നുവെന്ന് സര്‍ക്കാരിന് സ്ഥിരീകരിക്കാനായോ? നുഴഞ്ഞുകയറി ആക്രമണം നടത്തിയ ഭീകരര്‍ ആരാണ്? എന്തുകൊണ്ടാണ് അതിര്‍ത്തിയില്‍ സുരക്ഷാ ഇല്ലാതെ പോയി? തീവ്രവാദികള്‍ എങ്ങനെ രക്ഷപ്പെട്ടു? ഭീകരവാദത്തിന്റെ അടിവേര് അറുത്ത് പിഴുതെറിഞ്ഞ് അവരെ ഇല്ലാതാക്കണം. പഹല്‍ഗാമിലേത് ഇന്റലിജന്‍സ് പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ നീക്കത്തെയും മഞ്ജുനാഥ് ചോദ്യം ചെയ്തു. 'എവിടെയാണ് നമ്മള്‍ അവരെ അടിച്ചത്? ചാനലുകളെല്ലാം പലതാണ് പറയുന്നത്. ആരൊക്കെയാണ് മരിച്ചത്? ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമെവിടെ' എംഎല്‍എ ചോദിച്ചു. എല്ലാ യുദ്ധത്തിനും താന്‍ എതിരാണെന്നും ഇങ്ങനെയല്ല പരിഹാരമെന്നും മഞ്ജുനാഥ് അഭിപ്രായപ്പെട്ടു.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സേന ഒന്‍പത് പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുകയും നൂറിലധികം ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com