

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ലോക രാജ്യങ്ങളോട് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സര്‍വകക്ഷി സംഘത്തില്‍ ഡോ. ശശി തരൂര്‍ ഉള്‍പ്പെട്ടതുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ പ്രതിനിധികളുടെ പട്ടികയില്‍ ശശി തരൂര്‍ ഉണ്ടായിരുന്നില്ല എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചകളുടെ അടിസ്ഥാനം. വിവാദങ്ങള്‍ തരൂരിനെ ചുറ്റി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് നല്‍കിയ പട്ടികയും ഏറെ പ്രധാനമാണ്.
മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ, ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്, ലോക്സഭാ എംപി രാജ ബ്രാര്‍, രാജ്യസഭാ എംപി ഡോ. സയ്യിദ് നസീര്‍ ഹുസൈന്‍ എന്നിവരെയായിരുന്നു കോണ്‍ഗ്രസ് സര്‍വകക്ഷി സംഘത്തിലേക്ക് നിയോഗിച്ചത്. ഇതില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗം ഡോ. സയ്യിദ് നസീര്‍ ഹുസൈന്‍ അടുത്തിടെ വലിയ വിവാദത്തില്‍ ഇടം പിടിച്ച വ്യക്തിയാണ്.
കര്‍ണാടക നിയമസഭാ മന്ദിരമായ വിധാന്‍ സൗധയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന ആരോപണമായിരുന്നു കോണ്‍ഗ്രസ് നേതാവിനെ ചര്‍ച്ചകളുടെ കേന്ദ്രമാക്കിയത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ സയിദ് നസീർ ഹുസൈന്റെ അനുയായികള്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചു എന്നായിരുന്നു ആക്ഷേപം. ബിജെപി ആയിരുന്നു ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ ബെംഗളൂരു സിറ്റി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ചെയ്തു. കൊറിഡോറിലൂടെ ഹുസൈനെ ആനയിച്ചു കൊണ്ടുവരുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് കന്നഡ ന്യൂസ് ചാനലുകള്‍ ആണ് ആദ്യം വാര്‍ത്ത നല്‍കിയത്. പിന്നാലെ ബിജെപി വിഷയം ഏറ്റെടുക്കുകയുമായിരുന്നു.
ആരോപണങ്ങള്‍ നിഷേധിച്ച കോണ്‍ഗ്രസ് ഉയർന്ന മുദ്രാവാക്യം 'നസീര്‍ ഹുസൈന്‍, സയ്യിദ് സാഹബ് സിന്ദാബാദ്' എന്നാണെന്ന് വ്യക്തമാക്കി. വിഷയത്തില്‍ പാര്‍ട്ടി വിഡിയോ ഫോറന്‍സിക് പരിശോധന നടത്തി ഇക്കാര്യം വ്യക്തമായായും വിശദീകരിച്ചു. കൂടുതല്‍ വ്യക്തത വരുത്താനായി സര്‍ക്കാരിന്റെ ഫൊറന്‍സിക് ലാബില്‍ പരിശോധനയിലേക്ക് ഉള്‍പ്പെടെ വിവാദം നീണ്ടിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സയ്യിദ് നസീര്‍ ഹുസൈനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതിക്ക് നിവേദനം ഉള്‍പ്പെടെ സമര്‍പ്പിക്കപ്പെട്ടിരുന്നു.
കര്‍ണാടക കോണ്‍ഗ്രസിലെ സൗമ്യനായ നേതാവ് എന്നറിയപ്പെടുന്ന സയിദ് നസീർ ഹുസൈനിന്റെ പശ്ചാത്തലം സ്വാതന്ത്ര്യ സമരകാലവുമായും ബന്ധപ്പെട്ട് കിടക്കുന്നതാണ്. കര്‍ണാടക നിയമസഭാ മന്തിരത്തില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു തന്റെ കുടുംബ പാരമ്പര്യം സ്വാതന്ത്ര്യ സമരത്തോട് ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് നസീർ ഹുസൈന്‍ ചൂണ്ടിക്കാട്ടിയത്. ഈ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ആളുകളില്‍ നിന്ന് എനിക്ക് ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും പാഠങ്ങള്‍ പഠിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയായിരുന്നു സയിദ് നസീർ ഹുസൈന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വഖഫ് നിയമ ഭേദഗതിയില്‍ കോണ്‍ഗ്രസിന്റെ ചര്‍ച്ചകളെ നയിച്ച നേതാക്കളില്‍ പ്രധാനി കൂടിയായിരുന്നു സയ്യിദ് നസീര്‍ ഹുസൈന്‍. വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അംഗം കൂടിയായിരുന്നു അദ്ദേഹം. വഖഫ് നിയമം ഭരണ ഘടന അനുശാസിക്കുന്ന നിയമത്തിന് മുന്നിലുള്ള തുല്യത എന്ന വ്യവസ്ഥയുടെ ലംഘനമാണെന്ന വാദമായിരുന്നു അദ്ദേഹം പ്രധാനമായും ഉയര്‍ത്തിയത്. മുസ്ലീം വിഭാഗക്കാരെ രാജ്യത്ത് രണ്ടാനിര പൗരന്‍മാരാക്കുന്നതാണ് നിയമം എന്നും അദ്ദേഹം വാദിച്ചു.
കര്‍ണാടകയിലെ പിന്നോക്ക മേഖലയായ ബല്ലാരിയില്‍ നിന്നും കര്‍ണാടക രാഷ്ട്രീയത്തിലേക്ക് വളര്‍ന്ന നസീർ ഹുസൈന് പൊളിറ്റിക്‌സ് - ഫിലോസഫി വിഷയത്തില്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ നിന്നാണ് എം.ഫില്‍-പിഎച്ച്ഡി ബിരുദങ്ങള്‍ സ്വന്തമാക്കിയത്. ജെഎന്‍യു പഠനകാലത്ത് വിദ്യാര്‍ത്ഥി നേതാവ് കൂടിയായിരുന്നു നസീർ ഹുസൈന്‍. റായ്ച്ചൂര്‍ ജില്ലയിലെ ദേവദുര്‍ഗ മേഖലയിലെ ഒരു സര്‍ക്കാര്‍ കോളേജില്‍ അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
