'അതിജീവിത അത് കുറ്റകൃത്യമായി കാണുന്നില്ല'; പോക്‌സോ കേസില്‍ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി

പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു പോക്സോ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഇടപെടല്‍ ഉണ്ടായത്.
supreme court
സുപ്രീം കോടതിഫയല്‍
Updated on

ന്യൂഡല്‍ഹി: പോക്സോ കേസില്‍ അസാധാരണ ഉത്തരവുമായി സുപ്രീം കോടതി. കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് ആ കേസിലെ അതിജീവിതയെ വിവാഹം ചെയ്യുകയും ചെയ്ത യുവാവിന്റെ ശിക്ഷ നടപ്പിലാക്കുന്നതു സുപ്രീം കോടതി തടഞ്ഞു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു പോക്സോ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഇടപെടല്‍ ഉണ്ടായത്.

പ്രതിയെ അതിജീവിത വിവാഹം കഴിച്ചു കുടുംബമായി കഴിയുന്നത് കണക്കിലെടുത്താണ് ശിക്ഷ ഒഴിവാക്കിയത്. പ്രതിയോട് ഇപ്പോള്‍ അതിജീവിതയ്ക്ക് വൈകാരികമായ ബന്ധമാണ്.പ്രതിയുടേത് കുറ്റകൃത്യം ആണെങ്കിലും അതിജീവിത അതിനെ ഇപ്പോള്‍ അങ്ങനെ കാണുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നീണ്ടുനിന്ന നിയമനടപടികള്‍ ആണ് കുറ്റകൃത്യത്തേക്കാള്‍ അതിജീവിതയെ ബാധിച്ചതെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്നപ്പോള്‍ തന്നെ അതിന്റെ വ്യാപ്തിയും മനസിലാക്കി കൊടുക്കാന്‍ നിയമ സംവിധാനത്തിന് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി ലൈംഗിക ബന്ധം ഉണ്ടായ സാഹചര്യത്തിലാണ് 24 കാരന് എതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ വിചാരണ കോടതി യുവാവിനെ ഇരുപത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിനിടയില്‍ അതിജീവിതയ്ക്ക് പ്രായ പൂര്‍ത്തിയായപ്പോള്‍ ശിക്ഷിക്കപ്പെട്ട യുവാവ് ആ യുവതിയെ വിവാഹം കഴിച്ചു. ഇതിനിടെ കൊല്‍ക്കത്ത ഹൈക്കോടതി യുവാവിന്റെ ശിക്ഷ റദ്ദാക്കി. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ തങ്ങളുടെ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണമെന്ന വിവാദ പരാമര്‍ശവും കൊല്‍ക്കത്ത ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതി കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി റദ്ദാക്കുകയും പ്രതി കുറ്റക്കാരനാണെണെന്ന വിധി പുനഃസ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അതി ജീവിതയുടെ ഭാഗം കേള്‍ക്കുന്നതിന് ഒരു വസ്തുതാ പരിശോധന സംഘത്തെ രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ച മൂന്ന് അംഗ സമിതി അതിജീവിതയുടെ നിലപാട് കേട്ടിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കേണ്ട എന്ന് സുപ്രീം കോടതി വിധിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com