
മംഗലാപുരം: മംഗലാപുരം തീരദേശ മേഖലയായ ബണ്ട്വാളില്‍ യുവാവിനെ കൊലപ്പെടുത്തിയ (Mangaluru murder) സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ബണ്ട്വാള്‍ സ്വദേശികളായ ദീപക് (21), പൃഥ്വിരാജ് (21), ചിന്തന്‍ (19) എന്നിവരാണ് പിടിയിലായത്. കല്ലിഗെ ഗ്രാമത്തിലെ കനപടിയില്‍ നിന്ന് വ്യാഴാഴ്ചയാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബണ്ട്വാളില്‍ പിക്കപ്പ് ഡ്രൈവറായ കോള്‍ട്ടമജലു സ്വദേശി അബ്ദുല്‍ റഹ്മാനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അബ്ദുല്‍ റഹ്മാന്റെ കൂടെയുണ്ടായിരുന്ന ഇംത്യാസ് എന്ന യുവാവിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കൈയ്ക്ക് വെട്ടേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പിക്കപ്പ് വാനില്‍ നിന്ന് മണല്‍ ഇറക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അബ്ദുല്‍ റഹ്മാന്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കോള്‍ട്ടമജലു ജുമാമസ്ജിദ് മുന്‍ സെക്രട്ടറിയാണ് അബ്ദുറഹ്മാൻ.
അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബണ്ട്വാളില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഒരുമിച്ച് പാര്‍ട്ടി വിട്ടു. മുസ്‌ലിം സമുദായത്തില്‍നിന്നുള്ള പ്രവര്‍ത്തകരാണ് കൂട്ടത്തോടെ പാര്‍ട്ടി വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകത്തില്‍ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധ യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു രാജി. ദക്ഷിണ കന്നഡ ഡിസ്ട്രിക്ട് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മംഗളുരു മുന്‍ മേയര്‍ കൂടിയായ എ. അഷറഫ് രാജിവെച്ചു. വര്‍ഗീയ കലാപങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് രാജി. ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതിനായി ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ