പുതുപുത്തന്‍ സ്വിഫ്റ്റ് എത്തുമ്പോള്‍

കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഈ വര്‍ഷം ഏറെ കാത്തിരിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് വിപണിയില്‍ ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ 
പുതുപുത്തന്‍ സ്വിഫ്റ്റ് എത്തുമ്പോള്‍

ആംബിയെന്ന് സ്‌നേഹത്തോടെ ഇന്ത്യക്കാര്‍ വിളിച്ചിരുന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ അംബാസഡര്‍ ഉപഭോക്താക്കളുമായുണ്ടാക്കിയ വൈകാരിക ബന്ധം തകര്‍ത്തത് മാരുതി സുസുക്കിയുടെ 800 നിരത്തിലെത്തിയതോടെയാണ്. അതുവരെ കാറുകളെന്നാല്‍ അംബാസഡര്‍ ആണെന്ന് കരുതിയിരുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ ജപ്പാന്‍ കമ്പനി സുസുക്കി കോര്‍പ്പറേഷന്റെ ഇന്ത്യന്‍ സബ്‌സിഡിയറി മാരുതി സുസുക്കി 800 ഇറക്കിയതോടെ വിപണിയില്‍ കളിമാറി. പറഞ്ഞു വരുന്നത് മാരുതി സുസുക്കിയെ കുറിച്ചാണ്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വില്‍പ്പന നടത്തുന്ന മാരുതി സുസുക്കിക്ക് വിപണിയില്‍ പണിയറിയാം എന്നതിന്റെ തെളിവാണ് നിരത്തിലിറക്കുന്ന ഓരോ മോഡലുകളുടെയും വിജയം. അത് 800 മുതല്‍ ബ്രെസ വരെ എത്തി നില്‍ക്കുന്നു. പരാജയപ്പെട്ട ഒറ്റ മോഡലുകളും ഇല്ലെന്നല്ല. ഇന്ത്യപോലുള്ള ഇത്രയും വൈവിധ്യമുള്ള ഒരു വിപണിയില്‍ എത്തിച്ച ഭൂരിഭാഗം മോഡലുകളും വിജയിപ്പിച്ചെടുക്കാന്‍ മാരുതി എടുത്ത പരിശ്രമത്തിന് ആദ്യം കയ്യടി കൊടുക്കാം.


കൊടുക്കുന്ന കാശിന് മുതലാകുന്നതാണ് മാരുതിയുടെ കാറുകളെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. അതെന്തോ ആയിക്കോട്ടെ, പുതിയ മോഡലുകളെത്തിച്ച് പരമാവധി വില്‍പ്പനയാണ് മാരുതിയുടെ വിപണി തന്ത്രങ്ങളിലൊന്ന്. ഇത് വര്‍ഷത്തില്‍ മൂന്നില്‍ കൂടുതല്‍ വരെയാകാം. ഇതില്‍ ഏറ്റവും അവസാനം പുറത്തിറക്കിയത് കോംപാക്ട് ഹാച്ച്ബാക്ക് ഇഗ്‌നിസാണ്. 


മാരുതിയുടെ അടുത്ത ലോഞ്ചിംഗ് പുതിയ ജനറേഷന്‍ സ്വിഫ്റ്റ് ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഒരു വലിയ വിജയത്തിന്റെ കഥപറയാനുള്ള പഴയ ജനറേഷന്‍ സ്വിഫ്റ്റിന് പരിഷ്‌കാരി പതിപ്പ് ഈ വര്‍ഷം രണ്ടാം പകുതിയോടെ വിപണിയിലെത്തിക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 
2005 മെയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മാരുതി സ്വിഫ്റ്റ് പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ അതുവരെ ഒരു കമ്പനിയും മേല്‍ക്കൊയ് നേടാതിരുന്ന സ്ഥാനത്താണ് മാരുതി എത്തിച്ചത്. വിപണിയിലെത്തിയ പിന്നെ സ്വിഫ്റ്റിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഉഗ്രന്‍ വില്‍പ്പന. ഏതൊരു മോഡലിനും കൃത്യമായ പരിഷ്‌കരണത്തിന് വിധേയമാക്കിയില്ലെങ്കില്‍ അംബാസഡറിന്റെ ഗതിയാകും. വണ്ടി ഗോഡൗണില്‍ കിടക്കും. പഴയ സ്വിഫ്റ്റിന് കാലങ്ങളായി പല മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഉപഭോക്താക്കള്‍ക്ക് ബോറടിച്ചെന്ന് കമ്പനിക്ക്

മനസിലായിത്തുടങ്ങിയിടത്താണ് ന്യൂ ജനറേഷന്‍ സ്വിഫ്റ്റ് ജനിക്കുന്നത്. ഈ സ്വിഫ്റ്റിനെ കുറിച്ച് അറിയേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. 
ന്യൂ ജനറേഷന്‍ സ്വിഫ്റ്റ് 7.78 ലക്ഷം രൂപയ്ക്ക് ജപ്പാനില്‍ ഇതിനോടകം തന്നെ വില്‍പ്പനയാരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം രണ്ടാം പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഏറെ മാറ്റങ്ങളുമായാണ് പുതിയ സ്വിഫ്റ്റ് വിപണിയിലെത്താനിരിക്കുന്നത്. വിപണിയില്‍ പുതിയ ഗെയിം ചെയ്ഞ്ചറാകും സ്വിഫ്റ്റ് എന്നാണ് വിലയിരുത്തലുകള്‍. 

രൂപകല്‍പ്പന
നവീന രീതിയിലുള്ള രൂപകല്‍പ്പനയാണ് മാരുതി പുതിയ സ്വിഫ്റ്റിന് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് 3.84 മീറ്റര്‍ നീളവും 1.74 മീറ്റര്‍ വീതിയുമാണ് പുതിയ സ്വിഫ്റ്റിനുള്ളത്. ക്രോം ഗാര്‍ണിഷിലുള്ള ഹെക്‌സാഗൊണല്‍ ഫ്‌ളോട്ടിംഗ് ഗ്രില്ല്, ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ പുതിയ സ്വിഫ്റ്റിന് പഴയതില്‍ നിന്നും കൂടുതല്‍ ലുക്ക് നല്‍കുന്നു. ഒറ്റ നോട്ടത്തില്‍ രണ്ടു ഡോറുകള്‍ മാത്രമാണ് പുതിയ സ്വിഫ്റ്റിനുള്ളതെന്ന് തോന്നുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബാക്ക്‌ഡോര്‍ ഹാന്‍ഡിലുകള്‍ സി പില്ലറുമായി ലയിപ്പിച്ചാണ് ഘടിപ്പിച്ചിരിക്കുന്നത്. ഫ്‌ളോട്ടിംഗ് റൂഫും പുതിയ സ്വിഫ്റ്റിലുണ്ട്.
ഇതോടൊപ്പം ബി സെഗ്‌മെന്റ് ഹാച്ച്ബാക്കുകളില്‍ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള കാറായിരിക്കും പുതിയ സ്വിഫ്‌റ്റെന്നാണ് ജപ്പാനില്‍ കാര്‍ അവതരിപ്പിക്കുന്ന സമയത്ത് സുസുക്കി പ്രഖ്യാപിച്ചത്. വിപണിയിലുള്ള സ്വീകാര്യത നോക്കിയ ശേഷം ഓട്ടോമാറ്റിക്ക് വേരിയന്റ് എത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. 

ഇന്റീരിയര്‍
ഡാഷ് ബോര്‍ഡ്, സ്റ്റിയറിംഗ് വീല്‍, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം പുതിയതാണ്. സെന്റര്‍ കണ്‍സോളില്‍ വലുപ്പം കൂടിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. ആപ്പിള്‍ കാര്‍പ്ലെ, ആന്‍ഡ്രോയ്ഡ് കാര്‍ പ്ലെ എന്നിവ സപ്പോര്‍ട്ട് ചെയ്യും. അടിപരന്ന മൂന്ന് സ്‌പോക്ക് സ്റ്റീയറിംഗ് വീല്‍, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, എംഐഡി സ്‌ക്രീനുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയും പുതിയ സ്വിഫ്റ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. വേരിയന്റുകള്‍ക്കനുസരിച്ച് ഫീച്ചറുകളില്‍ മാറ്റം വന്നേക്കാം.
സുരക്ഷ
ജപ്പാനില്‍ പുറത്തിറക്കിയ മോഡലില്‍ ഏഴ് എയര്‍ബാഗുകളുണ്ട്. ഇബിഡി സംവിധാനത്തോടെയുള്ള എബിഎസ്, സീറ്റ് ബെല്‍റ്റ് പ്രെട്ടെന്‍ഷ്യനര്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, കാറിന്റെ വേഗതയും സുരക്ഷിത അകലവും പാലിക്കുന്നതിനുള്ള ഓട്ടോമാറ്റിക്ക് സംവിധാനമായ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ (എസിസി) തുടങ്ങിയ സുരക്ഷാ ഫീച്ചറുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. മുന്‍വശത്തുള്ള രണ്ട് എയര്‍ബാഗുകള്‍, എബിഎസ് എന്നിവ ഇന്ത്യയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭിച്ചേക്കാം. ഉയര്‍ന്ന വകഭേദങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുണ്ടാകും.

വില
ജപ്പാനില്‍ 7.78 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തുന്ന പുതിയ സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ അഞ്ച് ലക്ഷം രൂപയില്‍ കൂടുതലായിരിക്കും വില. നിലവില്‍ വില്‍പ്പന നടത്തുന്ന സ്വിഫ്റ്റിനെക്കാളും 35,000 രൂപ കൂടുതലായിരിക്കും. ഫോര്‍ഡ് ഫിഗോ, ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ 10 എന്നീ മോഡലുകളാകും പുതിയ സ്വിഫ്റ്റിന് എതിരാളികളായിട്ടുണ്ടാവുക.  

(പ്രതീകാത്മക ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com