ബാഴ്‌സലോണയില്‍ നടക്കുന്ന മെബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് (എംഡബ്ല്യുസി) സാധാരണ ഗാഡ്ജറ്റ് പ്രേമികള്‍ക്കിടയില്‍ ഒതുങ്ങിപ്പോകാറാണ് പതിവ്. ടെക്കികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് ഈ കോണ്‍ഗ്രസ് വഴിയൊരുക്കാറുണ്ടെങ്കിലും സാധാരണക്കാരിലേക്ക് ഇറങ്ങാറില്ല. ഏറ്റവും പുതിയ സാങ്കേതികതയ്ക്ക് മുന്‍ഗണന നല്‍കുന്ന ഈ പരിപാടിക്ക് അത്ര പ്രാധാന്യം നല്‍കേണ്ടെന്നാകും ആളുകള്‍ ഒരു പക്ഷെ കരുതുന്നുണ്ടാവുക.
എന്നാല്‍ ഇത്തവണ അങ്ങനെയായില്ല. കാരണമുണ്ട്. നമ്മളില്‍ പലര്‍ക്കും മൊബൈല്‍ ഫോണ്‍ എന്താണെന്നും എങ്ങനെയാണെന്നും കാണിച്ചു തന്ന നോക്കിയ അവരുടെ പഴയ പടക്കുതിര 3310ന്റെ റീബൂട്ട് എത്തിക്കുന്നുവെന്നതാണ് ബാഴ്‌സലോണയില്‍ നടക്കുന്ന എംഡബ്ല്യുസി വലിയ വാര്‍ത്താ പ്രാധാന്യം നേടിയത്.
ഗ്രാഹാതുരത്വം തലയില്‍ കയറിയിരിക്കുന്നവര്‍ക്കൊക്കെ ഇന്ന് നോക്കിയ 3310 എന്ന് പറയുമ്പോള്‍ കണ്ണ്‌നിറയും. അത്രയ്ക്കുണ്ട് അതിനോടുള്ള ആത്മബന്ധം. ഇവരെ കുറ്റം പറയാന്‍ പറ്റില്ല. കാരണമുണ്ട്. ഇന്നത്തെ കാലത്ത് പത്തും പതിനഞ്ചും എന്തിന് 50ന് മുകളില്‍ വരെ ആയിരങ്ങള്‍ വീശി സ്വന്തമാക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യമാലോചിക്കുമ്പോള്‍ ഒന്നു പൊട്ടിക്കരഞ്ഞൂടെ എന്ന് ചോദിക്കാന്‍ തോന്നും. ഈ ആിരങ്ങള്‍ കൊടുത്തു വാങ്ങിയ ഫോണ്‍ അറിയാതെയെങ്ങാനും കയ്യില്‍ നിന്ന് വീണാല്‍, ദേ കിടക്കുന്നു പിന്നെയും ആയിരങ്ങള്‍. അങ്ങനെ മൊത്തം ആയിരങ്ങളും പതിനായിരങ്ങളും വെച്ചുള്ള കളിക്കു മുമ്പെ സീന്‍ വിട്ടതാണ് ഈ നോക്കിയ 3310. കാര്യം ചില്ലറക്കാരനല്ല, അറിയാതെ പോയിട്ട് അറിഞ്ഞു തന്നെ നിലത്തേക്കെറിഞ്ഞാലും അളിയന്‍ സോളിഡായിരിക്കും. ഇനി വെള്ളത്തില്‍ വീണാലും വലിയ പ്രശ്‌നമൊന്നുമില്ല. ഇന്നത്തെ സ്മാര്‍ട്ട്‌ഫോണ്‍ (വാട്ടര്‍പ്രൂഫ് അല്ല) വെള്ളത്തില്‍ വീണാല്‍ 'ചില്ലിട്ടു' വെക്കേണ്ടി വരും.
ഇത്രയും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് നോക്കിയ പോലുള്ള ബ്രാന്‍ഡ് വീണ്ടും തിരിച്ചുവരുമ്പോള്‍ ഈ പറഞ്ഞ 3310നെയും കൂടെ കൂട്ടുന്നത് വേറൊന്നും കൊണ്ടാകില്ല. ഈ നൊസ്റ്റാള്‍ജിയയും വിശ്വാസവും വിറ്റ് കാശാക്കാമെന്ന ബിസിനസിലെ പ്രാഥമിക സാധനം കൊണ്ട് മാത്രമാണ്.
ഫിന്നിഷ് കമ്പനി എച്ച്എംഡി ഗ്ലോബലിനാണ് നോക്കിയ ബ്രാന്‍ഡില്‍ ഫോണ്‍ നിര്‍മിക്കാനുള്ള ലൈസന്‍സുള്ളത്. 3310 എന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ വരുന്നു എന്നല്ലാതെ ഇത് സ്മാര്‍ട്ട്‌ഫോണ്‍ ആണെന്നൊന്നും ആരും വിചാരിക്കേണ്ട. ഇത് ഫീച്ചര്‍ഫോണ്‍ തന്നെയാണ്. സീരീസ് 30 സോഫ്റ്റ്‌വെയറിലാണ് പ്രവര്‍ത്തിക്കുക. 2.4 ഇഞ്ച് കര്‍വഡ് ഡിസ്‌പ്ലെയാണുള്ളത്. രണ്ട് മെഗാപിക്‌സല്‍ ക്യാമറയും എസ്ഡി കാര്‍ഡ് സ്ലോട്ടും നല്‍കി സംഗതി നോക്കിയ 'ഗംഭീര' മാക്കിയിട്ടുണ്ട്. 2ജിയാണ് നെറ്റ്‌വര്‍ക്ക. കൂടെ ഒപ്പേറമിനിയുടെ ഒരു ബ്രൗസര്‍ ആപ്ലിക്കേഷനുമുണ്ട്. പോരേ!
31 ദിവസമാണ് എച്ച്എംഡി കമ്പനി പറയുന്ന സ്റ്റാന്‍ഡ്‌ബൈ ബാറ്ററി. 22 മണിക്കൂര്‍ സംസാര സമയവും. ഇതൊന്നുമല്ല, സ്‌നേക്ക് ഗെയിം. അതെ, പാമ്പ് ഇരപിടിക്കുന്ന ഗെയിമില്ലാതെ 3310 ആലോചിക്കാന്‍ പറ്റില്ലെന്നായിരുന്ന ആരാധകരുടെ ആവശ്യം. അതു കമ്പനി പരിഗണിച്ചിട്ടുണ്ട്. ഇനി കളറുള്ള പാമ്പിനെ തീറ്റിപ്പക്കാം!
പഴയ ഫോണില്‍ നിന്നും ചില മാറ്റങ്ങളുണ്ടെങ്കിലും കോര്‍ പഴയത് തന്നെ. (നൊസ്റ്റാള്‍ജിയ, നൊസ്റ്റാള്‍ജിയ!) കനം കുറച്ച് കോംപാക്ട് ലുക്കിലാണ് പുതിയ 3310. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള ഓപ്ഷനും ഇതോടൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട.് ഈ വര്‍ഷം രണ്ടാം പകുതിയോടെ പ്രതീക്ഷിക്കാമെന്നാണ് എച്ച്എംഡി കമ്പനി പറയുന്നത്. ഏകദേശം 3,000 രൂപയോളമായിരിക്കും വില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


