ന്യൂഡല്‍ഹി: ചരക്കു സേവന നികുതി വരുന്നതോടെ ജിഡിപിയില്‍ ഒന്നു മുതല്‍ ഒന്നര ശതമാനം വരെ വര്‍ധനയുണ്ടാവുമെന്ന വാദം അസംബന്ധമെന്ന് നീതി ആയോഗ് അംഗം ബിബേക് ഡെബ്രൊയ്. മാതൃകാപരമായ ജിഎസ്ടിയല്ല രാജ്യത്ത് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും ഡെബ്രോയ് പറഞ്ഞു.
ജിഎസ്ടി വരുന്നതോടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഒന്നു മുതല്‍ ഒന്നര ശതമാനം വരെ വര്‍ധനയുണ്ടാവുമെന്നൊക്കെയാണ് പ്രചാരണങ്ങള്‍. അതെല്ലാം അസംബന്ധമാണ്. ലോകത്തെ നൂറ്റി നാല്‍പ്പതോ നൂറ്റി അറുപതോ രാജ്യങ്ങള്‍ ജിഎസ്ടി നടപ്പാക്കിയിട്ടുണ്ടെന്നും പലരും പറയുന്നുണ്ട്. അതും തെറ്റാണ്. ആറോ ഏഴോ രാജ്യങ്ങള്‍ മാത്രമേ ജിഎസ്ടി നടപ്പാക്കിയിട്ടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ഹിന്ദി വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച ജിഎസ്ടി സമ്മേളനത്തില്‍ ആയിരുന്നു ഡെബ്രോയിയുടെ പരാമര്‍ശങ്ങള്‍.
ഇന്ത്യയില്‍ നടപ്പാക്കുന്ന ജിഎസ്ടി മാതൃകാപരമായ ഒന്നല്ല. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയാണ് അതിനു കാരണം. ലോകത്ത് ജിഎസ്ടി നടപ്പാക്കിയ ആറോ ഏഴോ രാജ്യങ്ങളില്‍ കാനഡ ഒഴികെയുള്ളവ ഏക ഭരണ സംവിധാനമുള്ളവയാണ്.
വ്യത്യസ്ത നിരക്കുകള്‍ പുതിയ നികുതി ഘടനയ്ക്കു പ്രശ്‌നമാവുമെന്നും ഡെബ്രോയ് പറഞ്ഞു. മാതൃകാപരമായ ജിഎസ്ടി നടപ്പാക്കുന്നതിലൂടെ ഒന്നര ശതമാനം ജിഡിപി വര്‍ധനയുണ്ടാവും എന്നതാണ് വസ്തുത. ഇപ്പോള്‍ നടപ്പാക്കുന്ന നികുതി പരിഷ്‌കരണത്തിലൂടെ എത്ര മാറ്റമുണ്ടാവുമെന്ന് പറയാനാവില്ല. മാതൃകാപരമായ നിയമത്തിന്റെ അടുത്തൊന്നും നമ്മള്‍ എത്തിയിട്ടില്ല. ഇപ്പോഴത്തേത് തുടക്കം മാത്രമാണെന്ന് ഡെബ്രോയ് പറഞ്ഞു. ജിഡിപി വര്‍ധന അവകാശപ്പെട്ട ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി അടക്കമുളളവരുടെ വാദത്തെ താന്‍ എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates