ഇന്‍ഫോസിസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതില്‍ ഖേദിക്കുന്നു: നാരായണ മൂര്‍ത്തി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 17th July 2017 08:49 PM |
Last Updated: 18th July 2017 12:46 AM | A+A A- |

ന്യൂഡെല്‍ഹി: ഇന്‍ഫോസിസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതില്‍ ഖേദിക്കുന്നുവെന്ന് കമ്പനി സ്ഥാപകാംഗവും ചെയര്‍മാനുമായിരുന്ന എന്‍ആര്‍ നാരായണ മൂര്‍ത്തി. സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ രാജ്യത്തെ മുന്‍നിര കമ്പനിയായ ഇന്‍ഫോസിസിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും 2014ലാണ് മൂര്‍ത്തി രാജിവെച്ചത്. രാജിക്കൊരുങ്ങുന്ന സമയത്ത് തന്റെ സഹ പ്രവര്‍ത്തകരില്‍ നിന്നുള്ള വാക്കുകള്‍ അനുസരിച്ചാല്‍ മതിയായിരുന്നുവെന്നും നാരായണ മൂര്‍ത്തി.
കോര്‍പ്പറേറ്റ് നയവുമായി ബന്ധപ്പെട്ടുവിശാല്‍ സിഖ നയിക്കുന്ന നിലവിലെ മാനേജ്‌മെന്റിനെതിരേ അദ്ദേഹം രംഗത്തു വന്നിരുന്നു. തന്നെ സംബന്ധിച്ചു വ്യക്തിപരമായും തൊഴില്‍പരമായും ഏറ്റവും വലിയ ഖേദം 2014ല്‍ ഇന്‍ഫോസിസില്‍ നിന്നു രാജിവെച്ചതാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കൂടി കമ്പനിയില്‍ തുടരാന്‍ സഹ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചെങ്കിലും അതു വകവെക്കാതെ രാജിവെച്ചതാണ് ഏറ്റവും വലിയ ഖേദമെന്നാണ് നാരായണ മൂര്‍ത്തി വ്യക്തമാക്കിയത്.
സിഎന്‍ബിസി ടിവി18നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ഇന്‍ഫോസിസിലായിരിക്കുന്ന സമയത്ത് ഓരോ തീരുമാനങ്ങളുമെടുത്തിരുന്നത് ആദര്‍ശനിഷ്ഠ അടിസ്ഥാനമാക്കിയായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാരായണ മൂര്‍ത്തിയടക്കം ഏഴുപേര്‍ ചേര്‍ന്നാണ് ഇന്‍ഫോസിസിനു രൂപം നല്‍കിയത്. 33 വര്‍ഷം കമ്പനിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2014ലാണ് കമ്പനി വിടുന്നത്. ഇതില്‍ 21 വര്‍ഷം കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി പ്രവര്‍ത്തിച്ച അദ്ദേഹം അടുത്തിടെ കമ്പനിയിലെ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടു രംഗത്തു വന്നിരുന്നു.