റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കളം മാറുന്നു; പുതിയ നിയമം പ്രാബല്യത്തില്‍; ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തല്‍

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കളം മാറുന്നു; പുതിയ നിയമം പ്രാബല്യത്തില്‍; ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സുതാര്യത ഉറപ്പാക്കി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന റിയല്‍ എസ്‌റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) നിയമം പ്രാബല്യത്തില്‍. റിയല്‍റ്റി കമ്പനികള്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന ഈ മേഖലയില്‍ പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരാമാകുമെന്നാണ് വിലയിരുത്തലുകള്‍.

ബുക്ക് ചെയ്ത പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറ്റം വൈകല്‍, കുറഞ്ഞ നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ക്കൊണ്ടുള്ള പദ്ധതി നിര്‍മാണം തുടങ്ങിയ ഉപഭോക്താക്കളുടെ ആശങ്കകള്‍ക്ക് പുതിയ നിയമം വരുന്നതോടെ ആശ്വാസമാകും.

പുതിയ നിയമം അനുശാസിക്കുന്നതനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റികളെ നിയമിക്കണം. എന്നാല്‍ ഇതുവരെ 13 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മാത്രമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡിഷ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ മാത്രമാണ് നിയമം വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ കേന്ദ്ര നഗരവികസന മന്ത്രാലയം നിയമം വിജ്ഞാപനം ചെയ്തിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍, ചണ്ഡിഗഡ്, ദാമന്‍ ദിയു, ദാദ്ര നഗര്‍ ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ നടപടിക്രമങ്ങള്‍ ഭവനനിര്‍മാണ മന്ത്രാലയവും പൂര്‍ത്തിയാക്കി.

വൈകിപ്പിച്ചാല്‍ പണി കിട്ടും
പുതിയ നിയമം അനുസരിച്ച് പദ്ധതികള്‍ പൂര്‍ത്തിയാക്കി കൈമാറ്റം ചെയ്യാന്‍ വൈകിയാല്‍ ഉപഭോക്താവ് നല്‍കിയ പണത്തിന് പലിശ നല്‍കണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് നല്‍കുന്ന പലിശയേക്കാള്‍ രണ്ട് ശതമാനം കൂടുതല്‍ പലിശ നിര്‍മാതാക്കള്‍ ഉപഭോക്താവിന് നല്‍കേണ്ടി വരും. ഇതില്‍ വീഴ്ച വരുത്തിയാല്‍ മൂന്ന് വര്‍ഷം തടവാണ് ശിക്ഷ.

കാര്‍പ്പറ്റ് ഏരിയയ്ക്ക് മാത്രം ചാര്‍ജ്
കാര്‍പ്പറ്റ് ഏരിയയ്ക്ക് മാത്രം ചാര്‍ജ് ഈടാക്കാനാണ് പുതിയ നിയമത്തില്‍ പറയുന്നത്. ഇതുവരെ സൂപ്പര്‍ ബിള്‍ഡ്അപ്പ് ഏരിയ അടക്കമുള്ളവയ്ക്കും കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്നും ചാര്‍ജ് ഈടാക്കിയിരുന്നു.


ഉത്തരവാദിത്വം
പദ്ധതി അല്ലെങ്കില്‍ വീട്, അപ്പാര്‍്ട്ട്‌മെന്റ് നിര്‍മാണം പൂര്‍ത്തിയായി കൈമാറ്റം ചെയ്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം കമ്പനിക്കായിരിക്കും. ഒരു പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങളെ അറിയിക്കുന്നതിനും ബില്‍ഡര്‍മാര്‍ ബാധ്യസ്ഥരാണ്. ഇത് പദ്ധതികളിലുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കും. പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തിക്കഴിഞ്ഞാല്‍ മൂന്നില്‍ രണ്ട് ഉപഭോക്താക്കളുടെ അനുമതിയില്ലാതെ പ്ലോട്ടിന്റെയോ അപ്പാര്‍ട്ട്‌മെന്റിന്റെയോ അളവുകളില്‍ ബില്‍ഡര്‍ക്ക് മാറ്റം വരുത്താനാകില്ലെന്നതാണ് മറ്റൊരു നിബന്ധന. ഇടയ്ക്കിടെ പ്ലാനില്‍ മാറ്റം വരുത്തുന്നത് തടയുന്നതിന് വേണ്ടിയാണിത്.


പണം 
ഒരു പദ്ധതിക്കായി ഉപഭോക്താക്കളില്‍ നിന്നും ബില്‍ഡര്‍മാര്‍ സമാഹരിക്കുന്ന പണത്തിന്റെ 70 ശതമാനവും നിര്‍മാണ ചെലവിലേക്കായി ബാങ്കിലെ ഒരു പ്രത്യേക അക്കൗണ്ടില്‍ നിര്‍ബന്ധമായും നിക്ഷേപിക്കേണ്ടതുണ്ട്. ഇക്കാരണത്താല്‍ ഒരു പദ്ധതിയുടെ ഫണ്ട് മറ്റൊന്നിനായി ചെലവഴിക്കാന്‍ ബില്‍ഡര്‍മാര്‍ക്ക് സാധിക്കില്ല.

പരിഹാരം
റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഉടനടി പരിഹാരം കാണുന്നതിനും പുതിയ നിയമം സഹായിക്കുമെന്നാണ് പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com