ജനറല്‍ മോട്ടോഴ്‌സിന് ഇന്ത്യന്‍ വിപണി മടുത്തു; ഇനി വില്‍പ്പനയില്ല, കയറ്റുമതി മാത്രം

ജനറല്‍ മോട്ടോഴ്‌സിന് ഇന്ത്യന്‍ വിപണി മടുത്തു; ഇനി വില്‍പ്പനയില്ല, കയറ്റുമതി മാത്രം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വാഹന വിപണിയില്‍ മൂന്ന് ശതമാനം മാത്രം പങ്കാളിത്തമുള്ള അമേരിക്കന്‍ കമ്പനി ജനറല്‍ മോട്ടോഴ്‌സ് ആഭ്യന്തര വില്‍പ്പന ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തും. ഇന്ത്യയിലുള്ള നഷ്ടക്കച്ചവടം നിര്‍ത്തി കയറ്റുമതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഇതുസംബന്ധിച്ച് ജീവനക്കാര്‍ക്കും ഓഹരിയുടമകള്‍ക്കും കമ്പനി അറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് കമ്പനി ഇത്തരത്തിലുള്ള തീരുമാനത്തിലെത്തിയതെന്ന് കമ്പനി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സ്റ്റെഫാന്‍ ജേക്കബി വ്യക്തമാക്കി. 

മാരുതി സുസുക്കി, ഹ്യൂണ്ടായ്, ടാറ്റ, റെനോ തുടങ്ങിയ കമ്പനികള്‍ വാഴുന്ന ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയാല്‍ തിരിച്ചടിയായിരിക്കും ഫലമെന്നാണ് ജനറല്‍ മോട്ടോഴ്‌സിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ മാസം 28ന് ഗുജറാത്തിലെ ഹലോല്‍ കാര്‍ നിര്‍മാണ പ്ലാന്റ് കമ്പനി പൂട്ടിയിരുന്നു. നിലവില്‍ തലേഗാവ് പ്ലാന്റില്‍ മാത്രമാണ് വാഹനങ്ങള്‍ അസംബിള്‍ ചെയ്യുന്നത്. ഈ പ്ലാന്റില്‍ നിന്ന് കയറ്റുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

അതേസമയം, നിലിവിലുളള ഉപഭോക്താക്കളുടെയും ഡീലര്‍മാരുടെയും കാര്യത്തില്‍ കമ്പനി ഉടന്‍  തീരുമാനം കൈകൊള്ളുകയും കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്റര്‍ തുടരും. എല്ലാ വാറന്റികളും സര്‍വീസ് എഗ്രിമെന്റുകളും തുടര്‍ന്നുവരുന്ന സര്‍വീസുകളും എല്ലാ വാഹനങ്ങളുടെയും പാര്‍ട്‌സുകളും കമ്പനി ഉറപ്പുവരുത്തും. 

2014-15 ല്‍ 1,003.39 കോടി രൂപയായിരുന്നു ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുടെ അറ്റ നഷ്ടം. 2015-16 ല്‍ 3,812 കോടി രൂപയായി വര്‍ധിച്ചതോടെ ഇന്ത്യന്‍ വിപണിയിലുള്ള വില്‍പ്പന നിര്‍ത്താന്‍ കമ്പനി ആലോചിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com