ജനുവരി ഒന്നുമുതല്‍ ചെരിപ്പിനും തുണിത്തരങ്ങള്‍ക്കും വില കൂടും; ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി ഉയര്‍ത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 11:20 AM  |  

Last Updated: 22nd November 2021 11:20 AM  |   A+A-   |  

GST RATE

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി:  ജനുവരി ഒന്നുമുതല്‍ ചെരിപ്പിനും തുണിത്തരങ്ങള്‍ക്കും വില കൂടും. ഇവയുടെ ജിഎസ്ടി നിരക്ക് അഞ്ചുശതമാനത്തില്‍ നിന്ന്  12 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് പരോക്ഷനികുതി ബോര്‍ഡ് നവംബര്‍ 18ന് വിജ്ഞാപനം പുറത്തിറക്കി. 

സെപ്റ്റംബറില്‍ ജിഎസ്ടി കൗണ്‍സില്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ വിജ്ഞാപനമാക്കി ഇറക്കിയിരിക്കുന്നത്.ആയിരം രൂപ വരെയുള്ള തുണിത്തരങ്ങള്‍ക്ക് 5 %, അതിനു മുകളില്‍ 18 % എന്നിങ്ങനെയാണു നിലവില്‍ ജിഎസ്ടി. ഇത് ഏകീകരിച്ച് എല്ലാറ്റിനും 12 ശതമാനമാക്കി.

ചെരിപ്പിനും തുണിത്തരങ്ങള്‍ക്കും വില കൂടും

ഇതോടെ 1000 രൂപയിലേറെ വിലയുള്ള തുണിത്തരങ്ങള്‍ക്കു വില കുറയും. വൈകാതെ കൂടുതല്‍ ഉല്‍പന്നങ്ങളുടെ നികുതി നിരക്കില്‍ മാറ്റമുണ്ടാകും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് ജിഎസ്ടി കൗണ്‍സിലിനു നല്‍കും.