ആമസോണ്‍ പ്രൈം നിരക്കുകള്‍ ഉയര്‍ത്തി; ഡിസംബര്‍ 13 വരെ ഓഫര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 12:15 PM  |  

Last Updated: 26th November 2021 12:15 PM  |   A+A-   |  

Amazon Prime membership

ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ചാര്‍ജ് കുത്തനെ കൂട്ടി

 

ന്യൂഡല്‍ഹി: ആമസോണ്‍ പ്രൈം അംഗത്വ നിരക്കുകള്‍ ഉയര്‍ത്തി. അന്‍പതു ശതമാനത്തോളമാണ് വര്‍ധന. ഡിസംബര്‍ 13ന് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ ഉയര്‍ത്തുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കൃത്യമായ തീയതി പ്രഖ്യാപിച്ചിരുന്നില്ല. പുതിയ നിരക്കുകള്‍ വ്യക്തമാക്കി ആമസോണ്‍ വെബ്‌പേജില്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്.

നിലവില്‍ 999 രൂപയാണ് പ്രൈം അഗത്വത്തിനുള്ള വാര്‍ഷിക നിരക്ക്. ഇത് 1499 രൂപയായാണ് ഉയര്‍ത്തുന്നത്. അഞ്ഞൂറു രൂപയാണ് വര്‍ധന. മൂന്നു മാസത്തേക്കുള്ള വരിസംഖ്യ 329ല്‍നിന്ന് 459 ആയി ഉയര്‍ത്തി. ഒരു മാസത്തേക്ക് ഇനി 129 രൂപയ്ക്കു പകരം 179 രൂപ നല്‍കണം.

പരിമിതകാല ഓഫര്‍

അംഗത്വ ഫീസ് പുതുക്കുന്നതിനു മുന്നോടിയായി ആമസോണ്‍ ഹ്രസ്വകാല ഓഫര്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 13ന് മുമ്പായി അംഗത്വം പുതുക്കുന്നവര്‍ക്ക് പഴയ നിരക്കായിരിക്കുമെന്ന് ആമസോണ്‍ അറിയിച്ചു. 

പ്രൈം വിഡിയോ, പ്രൈം മ്യൂസിക്, പ്രൈം റീഡിങ്, ഫ്രീ ഡെലിവറി എന്നിവയാണ് പ്രൈം അംഗങ്ങള്‍ക്കു ലഭിക്കുക.