കോടീശ്വരനാവണോ?, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപ പദ്ധതി; അറിയേണ്ടതെല്ലാം 

നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പദ്ധതി ആരംഭിച്ചത്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 

15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. പ്രതിവര്‍ഷം 500 രൂപ അടച്ചും പദ്ധതിയില്‍ ചേരാവുന്നതാണ്. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. 

നഷ്ടസാധ്യത കുറവാണ്, നികുതി ഇളവ് ലഭിക്കും, മെച്ചപ്പെട്ട പലിശനിരക്ക് എന്നിവയാണ് ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. കൃത്യമായി നിക്ഷേപം നടത്തിയാല്‍ ഒരു കോടി രൂപ വരെ സമ്പാദിക്കാമെന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

പ്രതിദിനം 417 രൂപ നിക്ഷേപിക്കുന്നവര്‍ക്കാണ് ഇത് നേടാന്‍ സാധിക്കുക. പ്രതിദിനം 417 രൂപ വീതം അടച്ചാല്‍ പ്രതിമാസ നിക്ഷേപം 12,500 രൂപയാകും. പ്രതിവര്‍ഷം കണക്കാക്കിയാല്‍ ഇത് ഒന്നരലക്ഷം കടക്കും. ഇതാണ് പരമാവധി നിക്ഷേപപരിധി. ഇത്തരത്തില്‍ 15 വര്‍ഷം അടച്ചാല്‍ നിക്ഷേപമൂല്യം 40 ലക്ഷം കടക്കും. തുടര്‍ന്ന് അഞ്ചുവര്‍ഷം വീതം രണ്ടുതവണകളായി കൂടി നിക്ഷേപം നടത്തിയാല്‍ ഒരു കോടി രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്നാണ് പദ്ധതി പറയുന്നത്.

25 വയസില്‍ ചേരുന്നവര്‍ക്ക് 50-ാം വയസില്‍ 1.03 കോടി രൂപ ലഭിക്കും. പൂര്‍ണമായി നികുതിരഹിതമാണ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പലിശയായി മാത്രം 66 ലക്ഷം രൂപ കിട്ടും. നിക്ഷേപിച്ച തുകയായ 37ലക്ഷം രൂപ കൂടി കൂട്ടിയാണ് ഒരു കോടി രൂപ ലഭിക്കുക.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com