യാത്രയ്ക്കു മുമ്പേ വിവരം കസ്റ്റംസ് അറിയും, രാജ്യാന്തര വിമാന യാത്രാ ചട്ടത്തില്‍ മാറ്റം; നടപടിയുമായി കേന്ദ്രം

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ രാജ്യം വിടുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ്, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ കമ്പനികള്‍ കസ്റ്റംസിനു കൈമാറണമെന്നു വ്യവസ്ഥ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ രാജ്യം വിടുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ്, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി. അതേസമയം വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നത് സ്വകാര്യതയുടെ ലംഘനമാവുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

ധനമന്ത്രാലയം വിജ്ഞാപനം ചെയ്ത പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് (പിഎന്‍ആര്‍) റെഗുലേഷന്‍ പ്രകാരം കമ്പനികള്‍ രാജ്യത്തേക്കു വരികയും പുറത്തേക്കു പോവുകയും ചെയ്യുന്ന വിമാന യാത്രക്കാരുടെ വിവരങ്ങള്‍ ഇരുപത്തിനാലു മണിക്കൂര്‍ മുമ്പ് കസ്റ്റംസിനു കൈമാറണം. പേര്, വയസ്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയ വിവരങ്ങള്‍ തുടങ്ങിയവ കസ്റ്റംസിനെ അറിയിക്കണം. സമീപകാലത്തെ യാത്രാ വിവരങ്ങള്‍, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഉപയോഗിച്ച ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ എന്നിവയും കൈമാറണമെന്ന് വിജ്ഞാപനം നിര്‍ദേശിക്കുന്നു.

രാജ്യാന്തര യാത്രികരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതു പല രാജ്യങ്ങളിലും പതിവാണെന്നും അതിനൊപ്പം ചേരുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നതെന്നും ഉ്‌ദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അറുപതോളം രാജ്യങ്ങളില്‍ പിഎന്‍ആര്‍ ശേഖരിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു.

നിശ്ചിത ഫോര്‍മാറ്റിലാണ് കമ്പനികള്‍ കസ്റ്റംസിനു വിവരങ്ങള്‍ കൈമാറേണ്ടത്. കസ്റ്റഡി, അന്വേഷണ, പ്രോസിക്യൂഷന്‍ തുടങ്ങി കസ്റ്റംസ് ആക്ടിനു കീഴില്‍ വരുന്ന എന്തിനും ഈ വിവരങ്ങള്‍ ഉപയോഗിക്കാമെന്നും വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള അന്വേഷണ ഏജന്‍സികളുമായി ഈ വിവരം പങ്കുവയ്ക്കുമെന്നും മന്ത്രാലയം അറിയിച്ചു. 

ഈ  വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com