ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കുട്ടികളുടെ ടാല്‍ക്കം പൗഡര്‍ വില്‍പ്പന നിര്‍ത്തുന്നു

അമേരിക്കന്‍ മരുന്നുനിര്‍മ്മാണ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കുട്ടികളുടെ ടാല്‍ക്കം പൗഡര്‍ വില്‍പ്പന നിര്‍ത്തുന്നു
ഫയല്‍ചിത്രം: എപി
ഫയല്‍ചിത്രം: എപി

ന്യൂയോര്‍ക്ക്:  അമേരിക്കന്‍ മരുന്നുനിര്‍മ്മാണ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കുട്ടികളുടെ ടാല്‍ക്കം പൗഡര്‍ വില്‍പ്പന നിര്‍ത്തുന്നു. 2023 ഓടേ ആഗോളതലത്തില്‍ കുട്ടികളുടെ ടാല്‍ക്കം പൗഡര്‍ വില്‍പ്പന പൂര്‍ണമായി നിര്‍ത്തുമെന്ന് കമ്പനി അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളുടെ ടാല്‍ക്കം പൗഡറിനെതിരെ ആയിരക്കണക്കിന് കേസുകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

ധാന്യപ്പൊടികള്‍ ചേര്‍ത്തുള്ള കോണ്‍സ്റ്റാര്‍ച്ചിനെ അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ പൗഡറിലേക്ക് മാറാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ടാല്‍ക്കം പൗഡറിനെ അപേക്ഷിച്ച് കോണ്‍സ്റ്റാര്‍ച്ച് കൂടുതല്‍ സുരക്ഷിതമാണ്. രാസവസ്തുക്കള്‍ അടങ്ങിയതാണ് ടാല്‍ക്കം പൗഡര്‍. നിലവില്‍ കോണ്‍സ്റ്റാര്‍ച്ച് അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ പൗഡറിന്റെ വില്‍പ്പന ലോകമൊട്ടാകെ തുടങ്ങിയതായും കമ്പനി അറിയിച്ചു. 

2020ല്‍ തന്നെ അമേരിക്കയിലും കാനഡയിലും കുട്ടികളുടെ ടാല്‍ക്കം പൗഡറിന്റെ വില്‍പ്പന ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നിര്‍ത്തി. ആവശ്യകതയില്‍ വന്‍ ഇടിവ് സംഭവിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഉല്‍പ്പന്നത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് വില്‍പ്പന കുത്തനെ ഇടിഞ്ഞതെന്നാണ് കമ്പനിയുടെ വിശദീകരണം. 

നിലവില്‍ 38000 കേസുകളാണ് കമ്പനി നേരിടുന്നത്. ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു എന്ന് കാണിച്ചാണ് ഉപയോക്താക്കള്‍ കമ്പനിക്കെതിരെ കേസ് കൊടുത്തത്. ടാല്‍ക്കം പൗഡറില്‍ ആസ്ബറ്റോസിന്റെ അംശം ഉള്ളതായാണ് പരാതികളില്‍ പറയുന്നത്. ഇത് ശരീരത്തിന് ദോഷകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. പതിറ്റാണ്ടുകളായി നടന്നുവരുന്ന പരിശോധനകളും മറ്റും കാണിക്കുന്നത് ആസ്ബറ്റോസ് മുക്തമാണെന്നും ഉല്‍പ്പന്നം സുരക്ഷിതമാണെന്നുമാണ് കമ്പനിയുടെ വാദം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com