വീടിന് വാടക കൊടുക്കുന്നതിന് 18 ശതമാനം ജിഎസ്ടി; ബാധകമാകുക ആര്‍ക്കെല്ലാം?, വിശദാംശങ്ങള്‍

ജിഎസ്ടി രജിസ്‌ട്രേഷനുള്ള വാടകക്കാരന്‍, വാടകയ്ക്ക് എടുക്കുന്ന ഭവനത്തിന് 18 ശതമാനം ചരക്കുസേവന നികുതി നല്‍കണമെന്ന് ചട്ടം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ജിഎസ്ടി രജിസ്‌ട്രേഷനുള്ള വാടകക്കാരന്‍, വാടകയ്ക്ക് എടുക്കുന്ന ഭവനത്തിന് 18 ശതമാനം ചരക്കുസേവന നികുതി നല്‍കണമെന്ന് ചട്ടം. ജൂലൈ 18ന് പ്രാബല്യത്തില്‍ വന്ന പുതിയ ജിഎസ്ടി ചട്ടത്തിലാണ് ഇക്കാര്യം പറയുന്നത്.

നേരത്തെ ഓഫീസുകള്‍ അടക്കം വാണിജ്യ ആവശ്യത്തിന് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് വാടക കൊടുക്കുന്നുണ്ടെങ്കില്‍ മാത്രമേ, ജിഎസ്ടി പരിധിയില്‍ വരുമായിരുന്നുള്ളൂ. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോ വ്യക്തികളോ വാസയോഗ്യമായ കെട്ടിടങ്ങള്‍ക്ക് നല്‍കിയിരുന്ന വാടക ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ ജിഎസ്ടി ചട്ടം അനുസരിച്ച് വാടകക്കാരന്‍ 18 ശതമാനം ചരക്കുസേവന നികുതി നല്‍കണം. ജിഎസ്ടി രജിസട്രേഷനുള്ള വാടകക്കാരനാണ് ഇത് ബാധകമാകുക. അതേസമയം വാടകക്കാരന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വഴി ഇളവിന് അപേക്ഷിക്കാവുന്നതാണ്.

അതേസമയം കെട്ടിടത്തിന്റെ ഉടമ ചരക്കുസേവന നികുതി നല്‍കേണ്ടതില്ല. കൂടാതെ മാസശമ്പളക്കാരന്‍ വീടോ ഫ്‌ലാറ്റോ വാടകയ്ക്ക് എടുത്താലും ഈ പരിധിയില്‍ വരില്ല. ബിസിനസോ, പ്രൊഫഷനോ നടത്തുന്ന ജിഎസ്ടി രജിസ്‌ട്രേഷനുള്ള വ്യക്തിക്കാണ് ഇത് ബാധകമാകുക. ഇവര്‍ കെട്ടിട ഉടമയ്ക്ക് നല്‍കുന്ന വാടകയ്ക്ക് 18 ശതമാനം ചരക്കുസേവന നികുതി നല്‍കണമെന്നാണ് നിയമം പറയുന്നത്. ജിഎസ്ടി കൗണ്‍സിലിന്റെ 47-ാമത്തെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. 

കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്ത് ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുമ്പോഴും കമ്പനികള്‍ ജിഎസ്ടി അടയ്ക്കണം. 18 ശതമാനം ജിഎസ്ടി തന്നെയാണ് വരിക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com