എന്താണ് ബാല്‍ ആധാര്‍ കാര്‍ഡ്?, എങ്ങനെ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ആധാര്‍ കാര്‍ഡിനെ വിളിക്കുന്ന പേര് ബാല്‍ ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ബ്ലൂ ആധാര്‍ കാര്‍ഡ് എന്നാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി ആധാര്‍ കാര്‍ഡ് മാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്ക് ആധാറാണ് പ്രധാന തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നത്. കുട്ടികള്‍ക്ക് വരെ യുഐഡിഎഐ ആധാര്‍ കാര്‍ഡ് നല്‍കുന്നുണ്ട്.

അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ആധാര്‍ കാര്‍ഡിനെ വിളിക്കുന്ന പേര് ബാല്‍ ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ബ്ലൂ ആധാര്‍ കാര്‍ഡ് എന്നാണ്. നീലനിറത്തിലുള്ള അക്ഷരത്തിലാണ് ഇതില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്.

മാര്‍ച്ച് 31 വരെ 2.6 കോടി കുട്ടികള്‍ ബാല്‍ ആധാര്‍ കാര്‍ഡ് എടുത്തതായി കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ അവസാനത്തോടെ ഇത് 3.4 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 79 ലക്ഷം കുട്ടികളാണ് ബാല്‍ ആധാറിനായി രജിസ്റ്റര്‍ ചെയ്തതെന്നും മന്ത്രാലയം അറിയിച്ചു. 

കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സ്ലിപ് ഉണ്ടെങ്കില്‍ ബാല്‍ ആധാറിനായി അപേക്ഷിക്കാം. മാതാപിതാക്കളില്‍ ഒരാളുടെ ആധാറും ഇതിന് നിര്‍ബന്ധമാണ്. കുട്ടികളുടെ ആധാറിന് ബയോമെട്രിക് വിവരങ്ങള്‍ ആവശ്യമില്ല എന്നതാണ് മറ്റൊരു സവിശേഷത. അഞ്ചുവയസാകുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ നല്‍കി ആധാര്‍ കാര്‍ഡ് പുതുക്കണം. 

കുട്ടിക്ക് അഞ്ചുവയസാകുന്നതോടെ കാര്‍ഡ് അസാധുവാകും. കാര്‍ഡിന്റെ സാധുത നിലനിര്‍ത്താന്‍ ഇതിന് തൊട്ടുമുന്‍പ് യുഐഡിഎഐയുടെ സൈറ്റില്‍ കയറി അപ്‌ഡേറ്റ് ചെയ്യണം. കുട്ടിയുടെ ബയോ മെട്രിക് വിവരങ്ങളും മറ്റും നല്‍കി മാതാപിതാക്കളാണ് ഇത് നിര്‍വഹിക്കേണ്ടത്.

യുഐഡിഎയുടെ വെബ്‌സൈറ്റില്‍ കയറി വേണം ബാല്‍ ആധാറിനായി അപേക്ഷിക്കാന്‍. ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് വിവരങ്ങള്‍ കൈമാറണം. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍, മാതാപിതാക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ എന്നിവയാണ് രേഖപ്പെടുത്തേണ്ടത്.

മേല്‍വിലാസം ഉള്‍പ്പെടെ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളും കൈമാറണം. വിവരങ്ങള്‍ കൈമാറിയ ശേഷം സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ആധാര്‍ കാര്‍ഡിന്റെ രജിസ്‌ട്രേഷന് വേണ്ടി അപ്പോയ്‌മെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തൊട്ടടുത്തുള്ള എന്‍ റോള്‍മെന്റ് സെന്ററില്‍ ആവശ്യമായ രേഖകളുമായി പോയി വേണം നടപടികള്‍ പൂര്‍ത്തിയാക്കാന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com