ഇബിഡി ഉള്ള എബിഎസ്, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍; 'യൂത്ത് ഫുൾ' ആള്‍ട്ടോ കെ 10, വില 3.99 ലക്ഷം, സവിശേഷതകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ആള്‍ട്ടോ ശ്രേണിയിലെ കെ 10 പതിപ്പിന്റെ പുതുതലമുറ മോഡല്‍ അവതരിപ്പിച്ചു
ആള്‍ട്ടോ കെ 10, ചിത്രം: പിടിഐ
ആള്‍ട്ടോ കെ 10, ചിത്രം: പിടിഐ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ആള്‍ട്ടോ ശ്രേണിയിലെ കെ 10 പതിപ്പിന്റെ പുതുതലമുറ മോഡല്‍ അവതരിപ്പിച്ചു. ഒരു കാലത്ത് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് സെഗ്മെന്റ് ഭരിച്ചിരുന്ന ആള്‍ട്ടോ ശ്രേണിയിലെ കെ 10 അത്യാധുനിക സൗകര്യങ്ങളോടെയാണ് തിരികെ എത്തിയത്. 

3.99ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില.എട്ടു വേരിയന്റുകളിലാണ് കാര്‍ അവതരിപ്പിച്ചത്. std, lxi, vxi, vxi amt, vxi +, vxi+ amt എന്നിവയാണ് എട്ടു വേരിയന്റുകള്‍.പുതിയ ഡിസൈന്‍, കൂടുതല്‍ പ്രീമിയം ഇന്റീരിയര്‍, പുതിയ പെട്രോള്‍ എഞ്ചിന്‍ എന്നിവയാണ് ആള്‍ട്ടോ കെ 10ന്റെ പുതിയ പതിപ്പില്‍ മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. 

സോളിഡ് വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ, സിസ്ലിംഗ് റെഡ്, സ്പീഡി ബ്ലൂ, എര്‍ത്ത് ഗോള്‍ഡ് എന്നി പുതുമയാര്‍ന്ന ആറ് കളര്‍ ഓപ്ഷനുകളില്‍ അണിഞ്ഞൊരുങ്ങിയാണ് കെ10 ഹാച്ച്ബാക്കിന്റെ വരവ്. കൂടാതെ ഭാരം കുറഞ്ഞ അഞ്ചാംതലമുറയിലുള്ള ഹാര്‍ട്ട്‌ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് ആള്‍ട്ടോ കെ10 നിര്‍മിച്ചിരിക്കുന്നത്.

മാത്രമല്ല, വലിപ്പത്തിന്റെ കാര്യത്തില്‍ ആള്‍ട്ടോ 800 എന്‍ട്രി ലെവല്‍ കാറിനേക്കാള്‍ സമ്പന്നമാണ് പുതിയ കെ 10. മുന്‍മോഡലുകളെ അപേക്ഷിച്ച് വ്യത്യസ്തവും അതിലേറെ ആകര്‍ഷകവുമാണ് പുതിയ ഡിസൈനാണ് എങ്കിലും മുന്‍വശക്കാഴ്ച്ചയില്‍ അടുത്തിടെ നിര്‍ത്തലാക്കിയ ഹ്യുണ്ടായി സാന്‍ട്രോയെ പലരും ഓര്‍ത്തെടുത്തേക്കാം. 

സ്വിഫ്റ്റ് പുതുതലമുറയില്‍ കണ്ട വിധത്തിലുള്ള ഹെക്‌സഗണല്‍ ഗ്രില്ലിന്റെയും പുതുതലമുറ സുസുക്കി വാഹനങ്ങളിലെ ബമ്പറുകളുടെയും എല്ലാം സങ്കരമാണ് ഈ മുന്‍ഭാഗം എന്നുവേണം പറയാന്‍.കൃത്യമായി പറഞ്ഞാല്‍ കറുപ്പ് നിറത്തിലുള്ള ഹണികോംബ് മെഷ് പാറ്റേണ്‍, സി ആകൃതിയിലുള്ള ബമ്പര്‍ ഫിനിഷ്, താഴ്ന്ന സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്ക്, സ്വീപ്ബാക്ക് ഹെഡ്ലാമ്പുകള്‍, സുസുക്കി ബാഡ്ജ്, ബോണറ്റ്, ഒരു റേക്ഡ് ഫ്രണ്ട് വിന്‍ഡ്ഷീല്‍ഡ് എന്നിവ പുതിയ രൂപത്തിലേക്ക് കൂട്ടിയോജിപ്പിച്ചിരിക്കുന്നത്.

ചതുരാകൃതിയിലുള്ള ടെയില്‍ ലാമ്പുകള്‍, കറുപ്പില്‍ ഒരുക്കിയിരിക്കുന്ന ഒആര്‍വിഎം, ബോഡി കളറുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, പുതിയ റിയര്‍ ബമ്പര്‍, ട്വീക്ക് ചെയ്ത ടെയില്‍ഗേറ്റ് തുടങ്ങിയവയാണ് പുത്തന്‍ ആള്‍ട്ടോ ഗ10 മോഡലിലെ മറ്റ് ഹൈലൈറ്റുകള്‍.

ഇന്റീരിയറിലേക്ക് നോക്കിയാല്‍ ആള്‍ട്ടോ 800-നേക്കാള്‍ കൂടുതല്‍ വിശാലതയുള്ളതാണ് ക്യാബിനാണ് മാരുതി സുസുക്കി K10ല്‍ വാഗ്ദാനം ചെയ്യുന്നത്. പുതിയ തലമുറ മോഡലിന് 3,530 mm നീളവും 1,490 mm വീതിയും 1,520 mm ഉയരവും 2,380 mm വീല്‍ബേസ് നീളവും 1,150 കിലോഗ്രാം ഭാരവുമുണ്ട്.

ഇനി സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാല്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, റീവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് സെന്‍സിങ് ഓട്ടോ ഡോര്‍ ലോക്ക് തുടങ്ങി അത്യാധുനിക സൗകര്യങ്ങള്‍ കാറില്‍ ഒരുക്കിയിട്ടുണ്ട്. ലിറ്ററിന് 24.90 കിലോമീറ്റര്‍ വരെ മൈലേജാണ് കമ്പനി പറയുന്നത്. ഫൈവ് സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ അപ്ഹോള്‍സ്റ്ററി, പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡ്, മൗണ്ടഡ് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, അപ്ഡേറ്റ് ചെയ്ത സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് ആള്‍ട്ടോ കെ10 കാറിന്റെ അകത്തളത്തെ സമ്പുഷ്ടമാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com