കുതിച്ചുയര്‍ന്ന് എണ്ണ വില, കൂപ്പുകുത്തി ഓഹരി വിപണി; യുദ്ധഭീതി ശക്തം

അവസാന ഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന മാര്‍ച്ച് എട്ടിനോ ഫലപ്രഖ്യാപനം വരുന്ന പത്തിനോ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടുമെന്നാണ് സൂചന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: യുക്രെയ്ന്‍ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയര്‍ന്നു. ഇന്ത്യ ഇറക്കുമതിക്കു പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില നൂറു ഡോളറിലേക്ക് അടുക്കുകയാണ്. പ്രകൃതി വാതക വിലയിലും വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. അതിനിടെ ലോകത്ത് പലയിടത്തും മൂലധന വിപണികള്‍ തകര്‍ന്നടിഞ്ഞു.

ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 3.85 ശതമാനം വര്‍ധനയാണ് ഇന്നുണ്ടായത്. പ്രകൃതി വാതകം 4.15 ശതമാനം ഉയര്‍ന്നു. ഇത് രാജ്യത്ത് ഇന്ധന വിലയില്‍ വലിയ വര്‍ധനയ്ക്ക് ഇടയാക്കും. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തില്‍ നിലവില്‍ എണ്ണ കമ്പനികളുടെ പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം മരവിപ്പിച്ചിരിക്കുകയാണ്. അവസാന ഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന മാര്‍ച്ച് എട്ടിനോ ഫലപ്രഖ്യാപനം വരുന്ന പത്തിനോ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടുമെന്നാണ് സൂചനകള്‍.

യുക്രെയ്‌നിലേക്കു കടന്നുകയറാന്‍ റഷന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയതിനു പിന്നാലെ ആഗോള സൂചികകള്‍ കൂപ്പുകുത്തി. യൂറോപ്പിലെ സ്‌റ്റോക്‌സ് 600 1.6 ശതമാനമാണ് ഇടിഞ്ഞത്. ലണ്ടനിലെ എഫ്ടിഎസ്ഇ 100 1.4 ശതമാനം താഴ്ന്നു. യുഎസിലെ എസ് ആന്‍ഡ്പി 500 1.8 ശതമാനവും നാസ്ഡാക് 100 2.6 ശതമാനവും താഴെയെത്തി. 

പിന്നാലെ തന്നെ ഏഷ്യന്‍ വിപണികളിലും ഇതിന്റെ പ്രതിഫലം ദൃശ്യമായി. ഹോങ്കോങ്ങിലെ ഹാംഗ് സെംഗ് മൂന്നു ശതമാനത്തോളമാണ് ഇടിഞ്ഞത്. 

ഇന്ത്യയില്‍ സെന്‍സെക്‌സ് 362 പോയിന്റ് താഴെയാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 113 പോയിന്റ് ഇടിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com