ഓഹരി സൂചികകള്‍ തര്‍ന്നടിഞ്ഞു, എണ്ണ വിലയില്‍ വര്‍ധന

റഷ്യ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ ഓഹരി വിപണികളില്‍ ഇടിവ്
ചിത്രം എഎന്‍ഐ
ചിത്രം എഎന്‍ഐ

മുംബൈ: റഷ്യ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ ഓഹരി വിപണികളില്‍ ഇടിവ്. മുംബൈ സൂചികയായ സെന്‍സെക്‌സ് വ്യാപാരത്തുടക്കത്തില്‍ തന്നെ രണ്ടര ശതമാനത്തിലേറെ താഴ്ന്നു. നിഫ്റ്റിയും ഇടിവുണ്ടായി.

സെന്‍സെക്‌സ് 1800 പോയിന്റോളവും നിഫ്റ്റി അഞ്ഞൂറിലേറെയും പോയിന്റാണ് ഇടിഞ്ഞത്. എല്ലാ മേഖലയിലുമുള്ള ഓഹരികള്‍ തകര്‍ച്ച നേരിട്ടു. എയര്‍ടെല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ എന്നിവയുടെ ഓഹരികളാണ് കൂടുതല്‍ താഴ്ന്നത്. ഈ ഓഹരികള്‍ ഒരു മണിക്കൂറിനകം എട്ടു ശതമാനത്തോളം ഇടിഞ്ഞു. 

സ്വര്‍ണം കുതിച്ചുകയറി

യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 680 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപ. ഗ്രാമിന് 85 രൂപ കൂടി 4685ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

റഷ്യന്‍ യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചതോടെ രാജ്യാന്തര തലത്തില്‍ ഓഹരി വിപണിയിലുണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. മൂലധന വിപണി തകര്‍ന്നതോടെ നിക്ഷേപകര്‍ സുരക്ഷിതമാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞെന്നാണ് വിലയിരുത്തല്‍. 

എണ്ണവില നൂറു ഡോളര്‍ കടന്നു

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചു കയറി. ബ്രെന്‍ഡ് ക്രൂഡ് നൂറു ഡോളറിനു മുകളില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രെന്‍ഡ് ക്രൂഡ് ബാരലിന് നൂറു ഡോളര്‍ കടക്കുന്നത്. 

യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ച് റഷ്യ

യുക്രൈനെ ആക്രമിക്കാന്‍ റഷ്യന്‍ സൈന്യത്തിന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉത്തരവ് നല്‍കി. ഡോണ്‍ബാസിലില്‍ സൈനിക നടപടിക്കാണ് പുടിന്‍ നിര്‍ദേശം നല്‍കിയത്. യുക്രൈനില്‍ പ്രത്യേക സൈനിക ഓപ്പറേഷനാണ് നടത്തുന്നത്. യുക്രൈന്റെ ഭീഷണിയില്‍ നിന്നും റഷ്യയെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് പുടിന്‍ പ്രസ്താവിച്ചു.

നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ല. യുക്രൈനെ സൈനികരഹിതവും നാസി വിമുക്തവുമാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. അല്ലാതെ അധിനിവേശമല്ലെന്നും പുടിന്‍ പറഞ്ഞു. കിഴക്കന്‍ യുക്രൈന്‍ അതിര്‍ത്തി മേഖലയിലെ വ്യോമാതിര്‍ത്തി റഷ്യ അടച്ചു. മേഖലയില്‍ സിവിലിയന്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ബെലാറസിലെ യുക്രൈന്‍ അതിര്‍ത്തിയില്‍ നിരവധി സൈനിക വാഹനങ്ങളും ഡസന്‍ കണക്കിന് ടെന്റുകളും ആയുധങ്ങളും സജ്ജമാക്കിയതായുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

റഷ്യന്‍ നീക്കത്തിനെതിരെ യുക്രൈന്‍ യു എന്‍ സഹായം അഭ്യര്‍ത്ഥിച്ചു. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാശ്ചാത്യരാജ്യങ്ങളോട് യുക്രൈന്‍ പ്രസിഡന്റ് അഭ്യര്‍ഥിച്ചു. അതേസമയം യുക്രൈന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരുകയാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് യോഗം ചേരുന്നത്. യുക്രൈനെ ആക്രമിക്കുന്നതില്‍ നിന്നും റഷ്യ പിന്മാറണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

ഏതു നിമിഷവും റഷ്യന്‍ ആക്രമണം ഉണ്ടായേക്കാമെന്ന് യുക്രൈന്‍ പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചക്കുള്ള ശ്രമങ്ങളോട് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പ്രതികരിക്കുന്നില്ല. രാജ്യത്തിന് നേരെ ആക്രമണം ഉണ്ടായാല്‍ സര്‍വ ശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്നും യുെ്രെകന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

സംഘര്‍ഷം ഉടലെടുത്തതോടെ, യുക്രൈനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ 30 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. യുെ്രെകന്‍ പ്രസിഡന്റിന്റെ ഉത്തരവ് പാര്‍ലമെന്റ് അംഗീകരിച്ചു. റഷ്യന്‍ ആക്രമണത്തിനെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതിയും യുെ്രെകന്‍ പാര്‍ലമെന്റ് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com