ജൂലൈ 31നകം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുക; വൈകിയാല്‍ നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 01:01 PM  |  

Last Updated: 12th July 2022 01:01 PM  |   A+A-   |  

filing tax returns

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. വ്യക്തികളും മാസ ശമ്പളം വാങ്ങുന്നവരുമാണ് മുഖ്യമായി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വരും. കൂടാതെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മറ്റു പ്രയാസങ്ങളും നേരിടേണ്ടതായി വരാം.

കൃത്യമായി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്. പിഴ ഒഴിവാക്കാം എന്ന പതിവ് ഉത്തരത്തില്‍ നിന്ന് വ്യത്യസ്തമായി മറ്റു ചില പ്രയോജനങ്ങള്‍ കൂടി നികുതിദായകന് ലഭിക്കും. അവ ചുവടെ:

പിഴ

റിട്ടേണ്‍ കൃത്യസമയത്ത് ഫയല്‍ ചെയ്തില്ലെങ്കില്‍ പിഴ തുക പതിനായിരം രൂപ വരെയായി ഉയരാം. ഫയല്‍ ചെയ്യുന്നത് വൈകുന്ന മുറയ്ക്ക് നികുതി അടയ്ക്കുന്ന തുകയ്ക്ക് പലിശയും ഒടുക്കേണ്ടി വരാം.

നിയമനടപടി

റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ നിയമനടപടിയും നേരിടേണ്ടി വരാം. കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് അയക്കുന്ന നോട്ടീസിന് നല്‍കുന്ന മറുപടിയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ തൃപ്തരല്ലെങ്കില്‍ മറ്റു നിയമനടപടികള്‍ നേരിടേണ്ടി വരാമെന്ന് വിദഗ്ധര്‍ പറയുന്നു.


വായ്പ

കൃത്യമായി റിട്ടേണ്‍ സമര്‍പ്പിച്ച് മികച്ച ട്രാക്ക് റെക്കോര്‍ഡുള്ളവര്‍ക്ക് എളുപ്പം വായ്പ ലഭിക്കും. വായ്പയ്ക്കായി അപേക്ഷിക്കുന്ന ഘട്ടത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ച രേഖ ബാങ്കുകള്‍ ആവശ്യപ്പെടാറുണ്ട്. സാമ്പത്തിക ശേഷിയുടെ തെളിവ് എന്ന നിലയിലാണ് ഇത് ബാങ്കുകള്‍ ചോദിക്കുന്നത്. വായ്പ അനുവദിക്കുന്നതിന് ഐടിആര്‍ രേഖ നിര്‍ബന്ധമാണ്.

നഷ്ടം

നഷ്ടം അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്ക് മാറ്റുന്നതിന് ആദായനികുതി നിയമം അനുവദിക്കുന്നുണ്ട്. റിട്ടേണ്‍ കൃത്യമായി ഫയല്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിലൂടെ ഭാവിയിലെ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നികുതി ബാധ്യത കുറയ്ക്കാന്‍ സാധിക്കും

വിസ

വിസയ്ക്ക് അപേക്ഷിക്കുമ്പോഴും നികുതി റിട്ടേണ്‍ പ്രധാനപ്പെട്ട രേഖയാണ്. പല എംബസികളും ഇത് ആവശ്യപ്പെടാറുണ്ട്. കൃത്യമായി നികുതി അടയ്ക്കുന്നവര്‍ക്ക് വിസ നടപടികള്‍ എളുപ്പം പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍; ഡോളറിനെതിരെ 80ലേക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ