യോഗത്തില്‍ എതിര്‍ത്തില്ല; ജിഎസ്ടി സമിതിയില്‍ കെ എന്‍ ബാലഗോപാലും അംഗം: നിര്‍മ്മല സീതാരാമന്‍

ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ അടക്കം ഭക്ഷ്യവസ്തുക്കളുടെ ജിഎസ്ടിയെച്ചൊല്ലി പ്രതിപക്ഷ പ്രതിഷേധം ഉയരുന്നതിനിടെ ട്വിറ്ററിലാണ് മന്ത്രിയുടെ വിശദീകരണം
കെ എന്‍ ബാലഗോപാല്‍ - നിര്‍മ്മല സീതാരാമന്‍ കൂടിക്കാഴ്ച, ഫയല്‍/ പിടിഐ
കെ എന്‍ ബാലഗോപാല്‍ - നിര്‍മ്മല സീതാരാമന്‍ കൂടിക്കാഴ്ച, ഫയല്‍/ പിടിഐ

ന്യൂഡല്‍ഹി: പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം എല്ലാവരും ചേര്‍ന്നാണ് കൈക്കൊണ്ടതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ അടക്കം ഭക്ഷ്യവസ്തുക്കളുടെ ജിഎസ്ടിയെച്ചൊല്ലി പ്രതിപക്ഷ പ്രതിഷേധം ഉയരുന്നതിനിടെ ട്വിറ്ററിലാണ് മന്ത്രിയുടെ വിശദീകരണം.

ചണ്ഡീഗഢില്‍ കഴിഞ്ഞമാസം ചേര്‍ന്ന 47-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എതിര്‍പ്പൊന്നുമില്ലാതെയാണ് തീരുമാനമെടുത്തതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. നിരക്ക് ഏകീകരണം സംബന്ധിച്ച മന്ത്രിതല സമിതിയുടെ നിര്‍ദേശങ്ങളെ യോഗത്തില്‍ പങ്കെടുത്ത എല്ലാ സംസ്ഥാന ധനമന്ത്രിമാരും പിന്തുണച്ചു. ബിജെപിയിതര പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും അനുകൂലിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതലസമിതിയില്‍ കേരളവും അംഗമായിരുന്നു. ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗോവ, ബിഹാര്‍ ധനമന്ത്രിമാരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍.


ജിഎസ്ടി വരുന്നതിന് മുമ്പും ഭക്ഷ്യധാന്യങ്ങള്‍ക്ക് സംസ്ഥാനങ്ങളില്‍ നികുതി ഈടാക്കിയിരുന്നെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വാറ്റ് ഇനത്തില്‍ പല സംസ്ഥാനങ്ങളും പല നിരക്കാണ് ഈടാക്കിയിരുന്നത്. അത് ഏകീകരിച്ചാണ് ജിഎസ്ടി നടപ്പാക്കിയത്.  പാക്കറ്റില്‍ വരുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. എന്നാല്‍, ബ്രാന്‍ഡഡല്ലാത്ത കമ്പനികള്‍ പാക്കറ്റില്‍ വില്‍ക്കുന്നവയ്ക്ക് ഇതു ബാധകമല്ലാതിരുന്നതിനാല്‍ നികുതി ചോര്‍ച്ചയുണ്ടായി. ഇതു പരിഹരിക്കണമെന്ന് കമ്പനികളുടെയും സംസ്ഥാനങ്ങളുടെയും ഭാഗത്തുനിന്ന് ആവശ്യമുണ്ടായി. അതോടെയാണ് വിഷയം പഠിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ മന്ത്രിതല സമിതിയെ നിയോഗിച്ചതെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com