നിങ്ങള്‍ക്ക് സേവിങ്‌സ് അക്കൗണ്ട് ഉണ്ടോ?, 80ടിടിഎ പ്രകാരം പതിനായിരം രൂപ വരെ നികുതി ഇളവ് ലഭിക്കും, അറിയേണ്ടതെല്ലാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2022 05:01 PM  |  

Last Updated: 25th July 2022 05:07 PM  |   A+A-   |  

filing tax returns

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി:  ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി ആറുദിവസം മാത്രമാണ് അവേശഷിക്കുന്നത്. നികുതി ഇളവ് ലഭിക്കുന്നതിന് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, ഭവന വായ്പ തുടങ്ങി സാധ്യമായതെല്ലാം പ്രയോജനപ്പെടുത്തി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് നികുതിദായകര്‍. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് നികുതി ഇളവ് ലഭിക്കുമോ?. പതിനായിരം രൂപ വരെ നികുതി ഇളവ് ലഭിക്കുമെന്നാണ് നിയമം പറയുന്നത്.

ആദായനികുതി നിയമത്തിലെ 80ടിടിഎ വകുപ്പ് പ്രകാരം സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് പതിനായിരം രൂപ വരെ നികുതി ഇളവിന് അപേക്ഷിക്കാം. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനമാണ് ഇതിന് അടിസ്ഥാനമാക്കുന്നത്. 

വാണിജ്യ ബാങ്ക്, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയില്‍ സേവിങ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്ക് നികുതി ഇളവ് ലഭിക്കും. ഒന്നിലധികം അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും മൊത്തം പലിശ തുകയായ പതിനായിരം രൂപ വരെ നികുതി ആനുകൂല്യത്തിന് ക്ലെയിം ചെയ്യാം. എന്നാല്‍ സ്ഥിരംനിക്ഷേപം, ടൈം ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ് എന്നിവ കണക്കാക്കില്ല. ഇതിന് പുറമെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ പലിശയും ഇതില്‍ ഉള്‍പ്പെടുത്തില്ല.  

റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് 'ഇന്‍കം ഫ്രം അതര്‍ സോഴ്‌സസ്' എന്നതിലാണ് മൊത്തം പലിശ വരുമാനം ഉള്‍പ്പെടുത്തേണ്ടത്. തുടര്‍ന്ന് മൊത്തം വരുമാനം കണക്കാക്കിയതിന് ശേഷമാണ് 80ടിടിഎ പ്രകാരമുള്ള ഇളവ് അനുവദിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

എടിഎമ്മില്‍ കയറുമ്പോള്‍ ഇനി ഫോണും കൈയില്‍ വേണം; ഒടിപി സംവിധാനം നടപ്പാക്കാന്‍ കൂടുതല്‍ ബാങ്കുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ