ഇന്‍കംടാക്‌സ്‌ പോര്‍ട്ടലില്‍ വീണ്ടും തകരാര്‍, ഹാക്ക് ചെയ്തതായി ഉപയോക്താക്കള്‍; ഉടന്‍ പരിഹരിക്കാന്‍ ഇന്‍ഫോസിസിന് നിര്‍ദേശം

റിട്ടേണ്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള ആദായനികുതി പോര്‍ട്ടലില്‍ വീണ്ടും തകരാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: റിട്ടേണ്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള ആദായനികുതി പോര്‍ട്ടലില്‍ വീണ്ടും തകരാര്‍. സെര്‍ച്ച് ഓപ്ഷന്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് കാണിച്ച് നിരവധി ഉപയോക്താക്കളാണ് പരാതി നല്‍കിയത്. ആദായനികുതി വകുപ്പിന് വേണ്ടി പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസാണ് പോര്‍ട്ടല്‍ വികസിപ്പിച്ചത്. പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ ആദായനികുതി വകുപ്പ് സേവനദാതാക്കളായ ഇന്‍ഫോസിസിന് നിര്‍ദേശം നല്‍കി.

ആദായനികുതി വകുപ്പിന് വേണ്ടി ഇന്‍ഫോസിസ് ഒരു വര്‍ഷം മുന്‍പാണ് പോര്‍ട്ടല്‍ വികസിപ്പിച്ചത്. പോര്‍ട്ടല്‍ ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായ ഘട്ടത്തിലാണ് ഉപയോക്താക്കളുടെ പുതിയ പരാതി. പോര്‍ട്ടലിന്റെ തുടക്ക കാലഘട്ടത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയുന്നില്ല എന്ന തരത്തില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. പോര്‍ട്ടല്‍ ഹാക്ക് ചെയ്‌തെന്നും സെര്‍ച്ച് ഓപ്ഷന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് ഉപയോക്താക്കളുടെ പുതിയ പരാതി.

സെര്‍ച്ച് ഓപ്ഷന്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന കാര്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതായി ആദായനികുതി വകുപ്പ് അറിയിച്ചു. പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ സേവനദാതാക്കളായ ഇന്‍ഫോസിസിനോട് നിര്‍ദേശിച്ചതായും ആദായനികുതി വകുപ്പ് അറിയിച്ചു. മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി ഇന്‍ഫോസിസ് അറിയിച്ചു. 

പോര്‍ട്ടലില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് ധനമന്ത്രാലയം ഉറപ്പുനല്‍കുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴിനാണ് പുതിയ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കം മുതല്‍ നിരവധി പരാതികളാണ് പോര്‍ട്ടലിനെതിരെ ഉയര്‍ന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com