ടിക്കറ്റ് ഉണ്ടായിട്ടും യാത്ര ചെയ്യാനായില്ല, നഷ്ടപരിഹാരവുമില്ല; എയര്‍ ഇന്ത്യയ്ക്ക് 10 ലക്ഷം പിഴ

ഇരുപത്തിനാലു മണിക്കൂറിനകമാണ് യാത്ര ഒരുക്കുന്നതെങ്കില്‍ പതിനായിരം രൂപ നഷ്ടപരിഹാരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ടിക്കറ്റ് എടുത്തിട്ടും യാത്ര നിഷേധിക്കുകയും നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാതിരിക്കുകയും ചെയ്തതിന് എയര്‍ ഇന്ത്യയ്ക്ക് പിഴ വിധിച്ച് വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). എയര്‍ ഇന്ത്യ പത്തു ലക്ഷം രൂപ പിഴ ഒടുക്കണമെന്ന് ഡിജിസിഎ ഉത്തരവിട്ടു.

ബംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി എന്നീ വിമാനത്താവളങ്ങളിലാണ് വ്യത്യസ്ത സംഭവങ്ങളിലാണ് എയര്‍ ഇന്ത്യ ടിക്കറ്റ് എടുത്തവര്‍ക്കു യാത്ര നിഷേധിച്ചത്. ഇവര്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കുന്നതിലും കമ്പനി വീഴ്ച വരുത്തിയതായി ഡിജിസിഎ കണ്ടെത്തി. വിശദീകരണം ആരാഞ്ഞുകൊണ്ട് എയര്‍ ഇന്ത്യയ്ക്കു നോട്ടീസ് നല്‍കിയിരുന്നതായും ഡിജിസിഎ അറിയിച്ചു.

യാത്ര മുടങ്ങുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതില്‍ എയര്‍ ഇന്ത്യയ്ക്കു വ്യക്തമായ നയമില്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി. ഇത് ഗൗരവമുള്ള കാര്യമാണ്. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്താന്‍ എയര്‍ ഇന്ത്യ തയാറാവണമെന്ന് ഡിജിസിഎ നിര്‍ദേശിച്ചിട്ടുണ്ട്. 

സാധുവായ ടിക്കറ്റുമായി എയര്‍പോര്‍ട്ടില്‍ എത്തിയിട്ടും യാത്ര ചെയ്യാനാവാത്തവര്‍ക്കു നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളുണ്ടെന്ന് ഡിജിസിഎ അറിയിച്ചു. ഒരു മണിക്കൂറിനകം മറ്റൊരു വിമാനത്തില്‍ യാത്ര ശരിപ്പെടുത്താനായാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. എന്നാല്‍ ഇരുപത്തിനാലു മണിക്കൂറിനകമാണ് യാത്ര ഒരുക്കുന്നതെങ്കില്‍ പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണം. ഇരുപത്തിനാലു മണിക്കൂറിനു ശേഷമാണ് യാത്രയെങ്കില്‍ നഷ്ടപരിഹാരം ഇരുപതിനായിരം രൂപ വരെയാവും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com