മാഗി ന്യൂഡില്‍സിനും നെസ്‌കഫേയ്ക്കും ബ്രൂവിനും വില കൂടുന്നു; പുതിയ നിരക്ക് പ്രഖ്യാപിച്ച് കമ്പനികള്‍

പ്രമുഖ കമ്പനികളായ നെസ്ലെ ഇന്ത്യയും ഹിന്ദുസ്ഥാന്‍ യൂണിലിവറും ഉല്‍പ്പന്നങ്ങളുടെ വില കൂട്ടിയതായി റിപ്പോര്‍ട്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ കമ്പനികളായ നെസ്ലെ ഇന്ത്യയും ഹിന്ദുസ്ഥാന്‍ യൂണിലിവറും ഉല്‍പ്പന്നങ്ങളുടെ വില കൂട്ടിയതായി റിപ്പോര്‍ട്ട്. മാഗി ന്യൂഡില്‍സ്, ചായപ്പൊടി, കാപ്പിപ്പൊടി, പാല്‍ എന്നി ഉല്‍പ്പന്നങ്ങളുടെ വിലയാണ് വര്‍ധിപ്പിച്ചത്.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ച പശ്ചാത്തലത്തിലാണ് വില ഉയര്‍ന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാഗി ന്യൂഡില്‍സിന്റെ വിലയില്‍ 9 മുതല്‍ 16 ശതമാനം വരെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 70 ഗ്രാം മാഗി മസാല ന്യൂഡില്‍സിന്റെ വില 12 രൂപയില്‍ നിന്ന് 14 രൂപയായി ഉയര്‍ന്നു. 140 ഗ്രാം പാക്കറ്റിന്റെ വിലയില്‍ മൂന്ന് രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

560 ഗ്രാം പാക്കറ്റിന് പുതുക്കിയ വില അനുസരിച്ച് 105 രൂപ നല്‍കണം. നേരത്തെ ഇത് 95 രൂപയായിരുന്നു. നെസ്ലെ, അവരുടെ പാല്‍, കാപ്പിപ്പൊടി, ചായപ്പൊടി എന്നി ഉല്‍പ്പന്നങ്ങളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്്. നെസ്ലെയുടെ പ്രമുഖ കാപ്പിപ്പൊടി ഉല്‍പ്പന്നമായ നെസ്‌കഫേയുടെ ക്ലാസിക് 25 ഗ്രാം പാക്കറ്റിന് 80 രൂപയായാണ് വില വര്‍ധിച്ചത്. നേരത്തെ ഇത് 78 രൂപയായിരുന്നു. നെസ്ലെയുടെ പാലിന്റെ വിലയില്‍ മൂന്ന് രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

നെസ്‌കഫേ ക്ലാസിക്കിന്റെ 50 ഗ്രാം പാക്കറ്റിന്റെ വില 145 രൂപയില്‍ നിന്ന് 150 രൂപയായാണ് വര്‍ധിച്ചത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ പ്രമുഖ കാപ്പിപ്പൊടി ബ്രാന്‍ഡായ ബ്രൂവിന്റെ വിലയും വര്‍ധിച്ചിട്ടുണ്ട്. വിവിധ പാക്കറ്റിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മൂന്ന് മുതല്‍ ഏഴു ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്. ടാജ് മഹല്‍ ചായപ്പൊടിയുടെ വിലയും വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com