ഫെഡ്എക്‌സിന്റെ തലപ്പത്തേക്ക് മലയാളി; രാജ് സുബ്രഹ്‌മണ്യം സിഇഒ 

സ്ഥാപകൻ ഫ്രെഡറിക് ഡബ്ല്യു സ്മിത്ത് ജൂണിൽ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം
രാജ് സുബ്രഹ്‌മണ്യം
രാജ് സുബ്രഹ്‌മണ്യം

കൊച്ചി: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കൊറിയർ സർവീസ് കോർപ്പറേഷനായ ഫെഡ്എക്‌സിന്റെ സിഇഒ ആയി മലയാളിയായ രാജ് സുബ്രഹ്‌മണ്യത്തെ നിയമിച്ചു. ഫെഡ്എക്‌സിന്റെ സ്ഥാപകൻ ഫ്രെഡറിക് ഡബ്ല്യു സ്മിത്ത് ജൂണിൽ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് സുബ്രമഹ്ണ്യത്തിന്റെ നിയമനം. 

തിരുവനന്തപുരം സ്വദേശിയായ സുബ്രഹ്‌മണ്യം 1991ൽ ആണ് ഫെഡ്എക്‌സിൽ എത്തുന്നത്.  ഫെഡ്എക്‌സ് എക്‌സ്പ്രസിന്റെ പ്രസിഡന്റ്, സിഇഒ, ഫെഡ്എക്‌സ് കോർപറേഷന്റെ വൈസ് പ്രസിഡന്റ്, കമ്മ്യൂണിക്കേഷൻ ഓഫീസർ തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. നിലവിൽ ഫെഡ്എക്‌സ് കോർപറേഷനിലെ ഡയറക്ടർ ബോർഡ് അംഗമാണ് 56 വയസുകാരനായ സുബ്രഹ്‌മണ്യം. 77കാരനായ സ്മിത്ത് എക്‌സിക്യൂട്ടീവ് ചെയർമാനായി കമ്പനിയിൽ തുടരും.

കേരളത്തിലെ മുൻ ഡിജിപിയായ സി സുബ്രഹ്മണ്യത്തിന്റെയും ആരോഗ്യവകുപ്പിൽ നിന്നു വിരമിച്ച ഡോ ബി കമലമ്മാളിന്റെയും മകനാണ്. തിരുവനന്തപുരം ലയോള സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.  ഐഐടി ബോംബെയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര പഠനത്തിനായാണ് സുബ്രഹ്‌മണ്യം യുഎസിൽ എത്തിയത്. ഫെഡെക്സിലെ മുൻ ജീവനക്കാരിയായ ഉമയാണ് ഭാര്യ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com