യുപിഐ വഴി ആദായ നികുതി അടയ്ക്കാം, പുതിയ ടാക്‌സ് പോര്‍ട്ടലില്‍ മറ്റു വഴികളും; ചെയ്യേണ്ടത് ഇത്രമാത്രം

അംഗീകൃത ബാങ്കുകളില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ആദായനികുതി അടയ്ക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് സുഗമമാക്കാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി പരിഷ്‌കാരണങ്ങളാണ് ആദായനികുതി വകുപ്പ് കൊണ്ടുവന്നത്. നേരത്തെ ഏഴ് അംഗീകൃത ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് ഓണ്‍ലൈനായാണ് ആദായനികുതി അടച്ചിരുന്നത്. അല്ലാത്തപക്ഷം 16 അംഗീകൃത ബാങ്കുകളുടെ നെറ്റ് ബാങ്കിങ് സേവനം പ്രയോജനപ്പെടുത്തി എന്‍എസ്ഡിഎല്‍ വെബ് സൈറ്റ് വഴിയും നികുതി അടച്ചിരുന്നു.

അംഗീകൃത ബാങ്കുകളില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ആദായനികുതി അടയ്ക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇത് പരിഹരിക്കാന്‍ ആദായനികുതി വകുപ്പിന്റെ ഇ- ഫയലിങ് പോര്‍ട്ടലില്‍ ആദായനികുതി വകുപ്പ് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇ- പേ ടാക്‌സ് പ്രൊവിഷന്‍ വഴി നികുതി അടയ്ക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 

ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ, ആര്‍ടിജിഎസ്, നെഫ്റ്റ് തുടങ്ങി വിവിധ വഴികളിലൂടെ ആദായനികുതി അടയ്ക്കുന്നതിനുള്ള സൗകര്യമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ മൂന്ന് അംഗീകൃത ബാങ്കുകള്‍ വഴിയാണ് ആദായനികുതി അടയ്ക്കാന്‍ കഴിയുക. ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഈ മൂന്ന് അംഗീകൃത ബാങ്കുകള്‍. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേയ്‌മെന്റ് ഗേറ്റ് വഴി മാത്രമേ ഗൂഗിള്‍ പേ, ആമസോണ്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ പണമിടപാട് ആപ്പുകള്‍ ഉപയോഗിച്ച് ആദായനികുതി അടയ്ക്കാന്‍ സാധിക്കൂ. ഇ ഫയലിങ് പോര്‍ട്ടലില്‍ നികുതി അടയ്ക്കുന്ന വിധം ചുവടെ:

ഇ-ഫയലിങ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് വേണം മുന്‍കൂറായി നികുതി അടയ്‌ക്കേണ്ടത്. തുടര്‍ന്ന് ഇ -പേ ടാക്‌സ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം. 

ഇതില്‍ ഇ ഫയല്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകാന്‍, തുടര്‍ന്ന്് ന്യൂ പേയ്‌മെന്റ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് നികുതി അടയ്ക്കുന്ന നടപടികളുമായി മുന്നോട്ടുപോകാം.

തുടര്‍ന്ന് അസസ്്‌മെന്റ് ഇയറും ടാക്‌സ് പേയ്‌മെന്റ് ഓപ്ഷനും തെരഞ്ഞെടുക്കുക. നികുതി ഇനംതിരിച്ച് നല്‍കാന്‍ സംവിധാനമുണ്ട്. ടാക്്‌സ് , സര്‍ചാര്‍ജ്, സെസ്, എന്നിങ്ങനെ തരംതിരിച്ച് നികുതി അടയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

നികുതി അടയ്ക്കാന്‍ അഞ്ചു ഓപ്ഷനുകളാണ് കൊടുത്തിരിക്കുന്നത്. നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, പേ- അറ്റ് - ബാങ്ക് കൗണ്ടര്‍, ആര്‍ടിജിഎസ്, നെഫ്റ്റ്, പേയ്‌മെന്റ് ഗേറ്റ് വേകള്‍ എന്നിവയില്‍ ഏതെങ്കിലും തെരഞ്ഞെടുത്ത് നികുതി അടയ്ക്കാവുന്നതാണ്. ഇ ഫയലിങ് പോര്‍ട്ടലില്‍ കയറി മുന്‍കൂറായി നികുതി അടയ്ക്കുന്നതിന് പുറമേ, വെല്‍ത്ത് ടാക്‌സ്, കമ്മോഡിറ്റി ഇടപാട് നികുതി, എന്നിങ്ങനെ മറ്റു നികുതികള്‍ അടയ്ക്കാനും സംവിധാനമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com