ആധാര്‍ ചട്ടത്തില്‍ ഭേദഗതി, പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ രേഖകള്‍ നല്‍കി പുതുക്കണം

പത്തുവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അനുബന്ധ രേഖകള്‍ നല്‍കി ആധാര്‍ പുതുക്കണമെന്ന് കേന്ദ്രത്തിന്റെ ചട്ട ഭേദഗതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പത്തുവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അനുബന്ധ രേഖകള്‍ നല്‍കി ആധാര്‍ പുതുക്കണമെന്ന് കേന്ദ്രത്തിന്റെ ചട്ട ഭേദഗതി. തിരിച്ചറിയല്‍, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. തുടര്‍ന്നും ആധാറിന്റെ കൃത്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ചട്ട ഭേദഗതിയെന്ന് കേന്ദ്രത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

ആധാര്‍ കാര്‍ഡ് കിട്ടി പത്തുവര്‍ഷം കഴിഞ്ഞാല്‍ അനുബന്ധ രേഖകള്‍ നല്‍കണം. തിരിച്ചറിയുന്നതിനുള്ള രേഖ, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ തുടങ്ങിയവയാണ് അനുബന്ധ രേഖകള്‍. കാലാകാലങ്ങളില്‍ സെന്‍ട്രല്‍ ഐഡന്റിറ്റിസ് ഡേറ്റ റെപ്പോസിറ്ററിയിലെ ആധാറുമായി ബന്ധപ്പെട്ട രേഖകളുടെ കൃത്യത ഉറപ്പുവരുത്താനാണ് പുതിയ ഭേദഗതി എന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ഇതിനായി പുതിയ ഫീച്ചറും അവതരിപ്പിച്ചു. മൈ ആധാര്‍ പോര്‍ട്ടലിലോ മൈ ആധാര്‍ ആപ്പിലോ കയറി അപ്‌ഡേറ്റ് ഡോക്യൂമെന്റില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. എന്‍ റോള്‍മെന്റ് സെന്ററില്‍ പോയും ഈ സേവനം തേടാവുന്നതാണ്.

തുടര്‍ന്ന് ഓരോ പത്തുവര്‍ഷത്തിനിടെ കുറഞ്ഞത് ഒരുതവണയെങ്കിലും ആധാര്‍ കാര്‍ഡില്‍ കാണിച്ചിരിക്കുന്ന രേഖകള്‍ വാലിഡേറ്റ് ചെയ്യണം. കഴിഞ്ഞമാസമാണ് ആധാര്‍ കാര്‍ഡ് ലഭിച്ച് പത്തുവര്‍ഷം കഴിഞ്ഞവര്‍ ആധാര്‍ കാര്‍ഡ് പുതുക്കണമെന്ന് യുഐഡിഎഐ നിര്‍ദേശിച്ചത്. ആധാറില്‍ കാണിച്ചിരിക്കുന്ന തിരിച്ചറിയല്‍ രേഖകളും മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖകളുടെയും വിശദാംശങ്ങള്‍ പുതുക്കണമെന്നതായിരുന്നു നിര്‍ദേശം. കാര്‍ഡ് കിട്ടിയ ശേഷം ഇതുവരെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്തവരോടായിരുന്നു ഈ നിര്‍ദേശം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com