ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ആശ്വാസ നടപടി, കുറഞ്ഞ കുടിശ്ശിക തുക ഫോര്‍മുല; പുതിയ ചട്ടം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 12:52 PM  |  

Last Updated: 25th November 2022 12:52 PM  |   A+A-   |  

credit card

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക്. പണം അടച്ചിട്ടും കടബാധ്യത വര്‍ധിച്ചുവരുന്ന  നെഗറ്റീവ് അമോര്‍ട്ടൈസേഷന്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍. എടുത്ത വായ്പ, ഘട്ടം ഘട്ടമായി തിരിച്ചടയ്ക്കുന്നതിന് അനുസരിച്ച് കടബാധ്യത കുറഞ്ഞുവരേണ്ടതാണ്. എന്നാല്‍ അടയ്ക്കുന്ന പണം പലിശയ്ക്ക് പോലും തികയാതെ വരുമ്പോഴാണ് കടബാധ്യത വര്‍ധിക്കുന്നത്. ഇത് ഒഴിവാക്കാന്‍ കുറഞ്ഞ കുടിശ്ശിക തുക നിര്‍ണയിക്കാന്‍ ബാങ്കുകളോടും ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളോടും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.

ഒക്ടോബര്‍ ഒന്നുമുതലാണ് പുതിയ ചട്ടം നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ദാതാക്കള്‍ക്കും നിര്‍ദേശം നല്‍കിയത്. ഇതോടെ കുറഞ്ഞ കുടിശ്ശിക തുക ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളും നിര്‍ണയിക്കേണ്ടി വരും. ഇത് നിശ്ചിത സമയത്ത് കൃത്യമായ ഇടവേളകളില്‍ അടച്ചുപോകുകയാണെങ്കില്‍ ശേഷിക്കുന്ന തുക മാത്രമേ കടബാധ്യതയായി വരികയുള്ളൂവെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. നികുതി, പിഴകള്‍ ഒന്നും തന്നെ പലിശയില്‍ ചേര്‍ത്ത് വസൂലാക്കാന്‍ ശ്രമിക്കരുതെന്നും റിസര്‍വ് ബാങ്കിന്റെ ചട്ടത്തില്‍ പറയുന്നു.

ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പതിനായിരം രൂപ ചെലവഴിച്ചു എന്ന് കരുതുക. പണം തിരിച്ചടയ്ക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്ന ദിവസം മിനിമം കുടിശ്ശിക തുകയായി നിശ്ചയിച്ചിരിക്കുന്ന 500 രൂപ അടച്ചു. എങ്കില്‍ അടുത്ത ബില്‍ കണക്കാക്കുമ്പോള്‍ ശേഷിക്കുന്ന 9500 രൂപയുടെ അടിസ്ഥാനത്തില്‍ മാത്രമേ പലിശ നിര്‍ണയിക്കാവൂ എന്നതാണ് പുതിയ ചട്ടം പറയുന്നത്. 40 ദിവസത്തെ സമയവും അനുവദിക്കണം. രണ്ടാമത്തെ ബില്‍ സമയത്തും കുറഞ്ഞ കുടിശ്ശിക തുകയായി നിശ്ചയിച്ചിരിക്കുന്ന 500 രൂപ തന്നെയാണ് അടയ്ക്കുന്നതെങ്കില്‍ 9500ല്‍ നിന്ന് 500 രൂപ കിഴിച്ച് അതിന്മേല്‍ മാത്രമേ, പലിശ നിര്‍ണയിക്കാവൂ എന്നും ചട്ടത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹൃദ്രോഗികള്‍ക്ക് ആശ്വാസം, സ്‌റ്റെന്റിന്റെ വില കുറയും; അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ