നിങ്ങള്‍ക്ക് പണക്കാരനാകണോ?; 9 ടിപ്പുകള്‍ 

ദേശീയ സാമ്പത്തിക ബോധവത്കരണ ദിനത്തില്‍ സമ്പന്നനാകാന്‍ നിക്ഷേപകര്‍ക്ക് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന ഒന്‍പത് ടിപ്പുകള്‍ നോക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സാമ്പത്തികമായി സ്വയംപര്യാപ്തത നേടുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ആരുടെ മുന്നിലും പൈസയ്ക്കായി യാചിക്കുന്ന അവസ്ഥ ഉണ്ടാവാതെ, സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇതിനായി ചെറുപ്പമുതല്‍ തന്നെ പ്ലാന്‍ ചെയ്യണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും വരുന്ന ചെലവ് മുന്‍കൂട്ടി കണ്ട് പ്ലാന്‍ ചെയ്താല്‍ ഒരുപരിധി വരെ വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ മുന്നോട്ടുപോകാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു. ദേശീയ സാമ്പത്തിക ബോധവത്കരണ ദിനത്തില്‍ സമ്പന്നനാകാന്‍ നിക്ഷേപകര്‍ക്ക് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന ഒന്‍പത് ടിപ്പുകള്‍ നോക്കാം.

1. ഓഹരി വിപണിയില്‍ ഊഹക്കച്ചവടത്തിന് തയ്യാറാവരുത്. ഓഹരിവിപണിയുടെ ഭാവിയിലെ മുന്നേറ്റം മുന്‍കൂട്ടി കണ്ട് നിക്ഷേപം നടത്തുന്നത് ചിലപ്പോള്‍ നഷ്ടസാധ്യതയ്ക്ക് കാരണമാകാം. എപ്പോഴും ഹ്രസ്വകാലത്തിനുള്ളില്‍ ഓഹരി വിപണിയില്‍ നിന്ന് നേട്ടം ഉണ്ടാക്കാന്‍ കഴിയണമെന്നില്ല. ചിലപ്പോള്‍ കനത്ത നഷ്ടം വരെ സംഭവിച്ചു എന്നുംവരാം. ദീര്‍ഘകാലം മുന്‍നിര്‍ത്തി നിക്ഷേപം നടത്തുന്നതാണ് നല്ലത് എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

2. എപ്പോഴും നിക്ഷേപത്തില്‍ വൈവിധ്യവത്കരണത്തിന് ശ്രമിക്കുക. ഒരെണ്ണത്തില്‍ തന്നെ നിക്ഷേപിക്കുന്നതിന് പകരം വിവിധ നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുത്ത് നിക്ഷേപത്തില്‍ വൈവിധ്യവത്കരണം കൊണ്ടുവരുന്നതാണ് നല്ലത്. ഇക്വിറ്റി, റിയല്‍ എസ്റ്റേറ്റ്, ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെ വ്യത്യസ്ത നിക്ഷേപമാര്‍ഗങ്ങള്‍ ഉണ്ട്. ഇവയില്‍ നിശ്ചിത തുക വീതം നിക്ഷേപിച്ച് നിക്ഷേപത്തില്‍ വൈവിധ്യവത്കരണം നടത്തിയാല്‍ നഷ്ടസാധ്യത കുറയ്ക്കാന്‍ സാധിക്കും. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കുറച്ച് നിക്ഷേപം മാറ്റിയിടുന്നത് നല്ലതാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

3. അടിയന്തര ഘട്ടത്തില്‍ ആശ്വാസം നല്‍കാന്‍ ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് നല്ലതാണ്. ട്രഷറി ബില്ലുകള്‍, കോമേഴ്‌സ്യല്‍ പേപ്പറുകള്‍,സര്‍ട്ടിഫിക്കറ്റ്  ഓഫ് ഡെപ്പോസിറ്റ് തുടങ്ങി ഹ്രസ്വകാല കടപ്പത്രങ്ങളിലാണ് ലിക്വിഡ് ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. ഫിക്‌സ്ഡ് ഡെപ്പോസിറ്റുകളെക്കാള്‍ കൂടുതല്‍ പലിശ ലഭിക്കും എന്നതാണ് ഇതിന്റെ ആകര്‍ഷണം. അടിയന്തര ഘട്ടം വന്നാല്‍ എളുപ്പം നിക്ഷേപം പിന്‍വലിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.

4. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ബാങ്ക് ഡെപ്പോസിറ്റ്, സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയില്‍ നിക്ഷേപിക്കുന്നത് നല്ലതാണ്. വളര്‍ച്ച മാത്രമാണ് നോക്കുന്നതെങ്കില്‍ ഇക്വിറ്റി പോലെയുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാം. എന്നാല്‍ സ്ഥിരതയും സമ്പത്തിന്റെ സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം പിപിഎഫ്, സ്ഥിരം നിക്ഷേപം പോലെയുള്ള മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുന്നത് നല്ലതാണ്.

5. ജീവനക്കാരാണെങ്കില്‍ ഇപിഎഫില്‍ നിക്ഷേപിക്കാവുന്നതാണ്. പ്രായമാകുമ്പോള്‍ വലിയ ഒരു തുക ലഭിക്കാന്‍ ഇത് സഹായമാകും. കൂടാതെ പെന്‍ഷന്‍ ലഭിക്കാനും ഇതുംവഴി സാധിക്കും. സര്‍ക്കാര്‍ ഗ്യാരണ്ടി ഉള്ളത് കൊണ്ട് ഗ്യാരണ്ടീഡ് റിട്ടേണ്‍ ഉറപ്പാക്കാന്‍ സാധിക്കും

6. കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിന് ലൈഫ് ഇന്‍ഷുറന്‍സ് എടുക്കാന്‍ മറക്കരുത്. ഒരു നിശ്ചിത കാലം കഴിഞ്ഞാല്‍ മെച്ചപ്പെട്ട റിട്ടേണോടെ നിക്ഷേപ തുക മടക്കി കിട്ടുന്ന തരത്തിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളും ലഭ്യമാണ്. 

7. നിക്ഷേപത്തിന് പുറമേ ചെലവുകള്‍ മനസിലാക്കുന്നതും സാമ്പത്തിക അച്ചടക്കത്തിന് നല്ലതാണ്. ചെലവുകള്‍ ചുരുക്കി പണം എങ്ങനെ സേവ് ചെയ്യാം എന്നതിന് നല്ല ആസൂത്രണം ആവശ്യമാണ്. ചെലവുകള്‍ പ്രതിദിനം എഴുതി വെയ്ക്കുന്നതിലൂടെ സാമ്പത്തിക അച്ചടക്കം സാധ്യമാകും. 

8. സാമ്പത്തികമായി സ്വയംപര്യാപ്തത നേടിയെടുക്കുന്നതിന് അവരവരെ തന്നെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്.

9. സാമ്പത്തിക നഷ്ടത്തെ കുറിച്ച് ഓര്‍ത്ത് ഭയപ്പെടരുത്. ഓരോ പ്രവൃത്തി ചെയ്യുമ്പോഴും സാമ്പത്തികമായി അത് ഉണ്ടാക്കാന്‍ പോകുന്ന നഷ്ടസാധ്യതകളെ കുറിച്ച് ഓര്‍മ്മ വേണം. കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ടുപോകാന്‍ സാധിക്കണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com