മാസം 20,000 രൂപ വരെ പെന്‍ഷന്‍, ഒറ്റത്തവണ പ്രീമിയം; ജീവന്‍ അക്ഷയ്, വിശദാംശങ്ങള്‍

പ്രായമാകുമ്പോള്‍ സ്ഥിര വരുമാനം ലഭിക്കുന്ന വിധം നിരവധി പ്ലാനുകള്‍ വിപണിയില്‍ ലഭ്യമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുന്ന പേര് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനാണ്. പതിറ്റാണ്ടുകള്‍ കൊണ്ട് നിക്ഷേപകര്‍ക്കിടയില്‍ വലിയ വിശ്വാസമാണ് എല്‍ഐസി ആര്‍ജിച്ചത്. ഉപഭോക്താവിന്റെ ആവശ്യാനുസരണം നല്‍കാന്‍ കഴിയുന്ന നിരവധി വ്യത്യസ്തമായ പ്ലാനുകളാണ് എല്‍ഐസിയ്ക്ക് ഉള്ളത്.

പ്രായമാകുമ്പോള്‍ സ്ഥിര വരുമാനം ലഭിക്കുന്ന വിധം നിരവധി പ്ലാനുകള്‍ വിപണിയില്‍ ലഭ്യമാണ്. പെന്‍ഷന്‍ പോലെ സ്ഥിരം വരുമാനം ലഭിക്കുന്ന എല്‍ഐസിയുടെ പ്ലാനാണ് ജീവന്‍ അക്ഷയ്. മരണം വരെ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണിത്. 2022 ഓഗസ്റ്റിലാണ് പദ്ധതി അവതരിപ്പിച്ചത്. മരണം വരെ മാസം 20,000 രൂപ പെന്‍ഷന്‍ നേടാം എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഒറ്റത്തവണ പ്രീമിയം പ്ലാനാണിത്.

30 വയസിനും 85 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പോളിസിയില്‍ ചേരാന്‍ സാധിക്കുക.  ഓണ്‍ലൈനായും നേരിട്ടും പ്ലാനില്‍ ചേരാവുന്നതാണ്. സിംഗിള്‍, ജോയിന്റ് ഓപ്ഷന്‍ ലഭ്യമാണ്. പോളിസിയിലെ ഏറ്റവും കുറഞ്ഞ സം അഷ്വേഡ് 1 ലക്ഷം രൂപയാണ്. പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വാര്‍ഷിക ആന്യുറ്റി 12000 രൂപയുമാണ്. കൂടിയ സംഷ്വേഡിനും ആന്യുറ്റിയ്ക്കും പരിധിയില്ല. അഷ്വേഡ് തുകയ്ക്ക് അനുസരിച്ചാണ് പെന്‍ഷന്‍ ലഭിക്കുക. ആന്യുറ്റിയായാണ് പെന്‍ഷന്‍ വിതരണം ചെയ്യുക.

പെന്‍ഷന്‍ തുക എങ്ങനെ ലഭിക്കുമെന്നതിന് 10 ഓപ്ഷനുകള്‍ പോളിസി നല്‍കിയിട്ടുണ്ട്. ഇവയില്‍ നിക്ഷേപകന്റെ താല്‍പര്യപ്രകാരം ആവശ്യമായ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. പോളിസി ഉടമയുടെ ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുകയും മരണത്തോടെ ആന്യുറ്റി പേയ്മെന്റ് അവസാനിക്കുകയും ചെയ്യുന്ന ഓപ്ഷനാണ് ആദ്യത്തേത്. മറ്റ് ഓപ്ഷനുകളിലും പോളിസി ഉടമയുടെ മരണം വരെ പെന്‍ഷന്‍ ലഭിക്കും. 5, 10, 15, 20 എന്നിങ്ങനെ നാല് ഗ്യാരണ്ടി പിരിയഡ് ഉണ്ടാകും.

ഇക്കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ ശേഷം ഗ്യാരണ്ടി പിരിയഡ് വരെ നോമിനിക്ക് പെന്‍ഷന്‍ ലഭിക്കും. ഇത്തരത്തിലുള്ള 10 ഓപ്ഷനുകള്‍ പോളിസിയില്‍ നിന്ന് ലഭിക്കും. പോളിസി ഉടമയുടെ മരണ ശേഷം ഭാര്യയ്ക്ക് പെന്‍ഷന്‍ ലഭിക്കുന്ന പോളിസി ഓപ്ഷനുമുണ്ട്. 

എല്‍ഐസി ജീവന്‍ അക്ഷയ് പ്ലാനില്‍ സം അഷ്വേഡിന് അടിസ്ഥാനമായാണ് പെന്‍ഷന്‍ ലഭിക്കുന്നത്. മാസത്തില്‍ 20,000 രൂപ മാസ പെന്‍ഷന്‍ ലഭിക്കാന്‍ 33 വയസുകാരന്‍ 40 ലക്ഷം സം അഷ്വേഡിനുള്ള പോളിസി വാങ്ങണം. ഇതുപ്രകാരം മാസത്തില്‍ 21,040 രൂപ പെന്‍ഷന്‍ ലഭിക്കും. ഒറ്റത്തവണ പ്രീമിയമായി നികുതി അടയ്ക്കം 40.72 ലക്ഷം രൂപ അടയ്ക്കണം.

10 ലക്ഷം രൂപയുടെ പോളിസി വാങ്ങിയാല്‍ മാസത്തില്‍ 5,231 രൂപയാണ് ലഭിക്കുക. 15 ലക്ഷം രൂപയ്ക്ക് എല്‍ഐസി ജീവന്‍ അക്ഷയ് പോളിസി വാങ്ങിയാല്‍ 7,846 രൂപ മാസത്തില്‍ ലഭിക്കും. ഒറ്റത്തവണ പ്രീമിയമായി 15.27 ലക്ഷം രൂപ അടയ്ക്കണം. 43 വയസുകാരന്‍ 10 ലക്ഷം രൂപയുടെ പോളിസി വാങ്ങിയാല്‍ സിംഗില്‍ പ്രീമിയമായി 10.18 ലക്ഷം രൂപ അടയ്ക്കണം. മാസത്തില്‍ 5,538 രൂപ പെന്‍ഷന്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com