

ന്യൂഡല്‍ഹി: ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ദീര്‍ഘകാല നിക്ഷേപത്തിനൊപ്പം ഉയര്‍ന്ന ലിക്വിഡിറ്റിയും പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരണത്തിനും മ്യൂച്വല്‍ ഫണ്ടുകള്‍ സഹായിക്കുന്നുണ്ട്. സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് സ്ഥിരമായ ഇടവേളകളില്‍ നിക്ഷേപിക്കാന്‍ സാധിക്കും.
മാസത്തില്‍ 500 രൂപ മുതല്‍ എസ്‌ഐപി വഴി നിക്ഷേപം നടത്താം. സ്വര്‍ണം, ഇക്വിറ്റി, ഡെബ്റ്റ് തുടങ്ങി വിവിധ ആസ്തികളില്‍ നിക്ഷേപിക്കുന്നതിനാല്‍ വൈവിധ്യവത്കരണം മ്യൂച്വല്‍ ഫണ്ടുകളില്‍ നടക്കും. ഡിസംബറില്‍ എസ്‌ഐപി നിക്ഷേപത്തിന്റെ മൂല്യം 13,573 കോടി രൂപയായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നവംബറില്‍ ഇത് 13,306 കോടി രൂപയായിരുന്നു.
എസ്‌ഐപിയില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങള്‍ ചുവടെ:
1. വ്യക്തികളുടെ പ്രായവും ഉത്തരവാദിത്തവും സാമ്പത്തിക ഭദ്രതയും എസ്‌ഐപി നിക്ഷേപത്തില്‍ സുപ്രധാനമാണ്. കാര്യമായ ഉത്തരവാദിത്തങ്ങള്‍ ഒന്നുമില്ലാതെ ബാച്ചിലര്‍ ലൈഫ് നയിക്കുന്ന സമയത്ത് കൂടുതല്‍ പണം എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ല. ചെറുപ്പകാലം ആണ് എന്നത് കൊണ്ട് കുറച്ച് റിസക് എടുക്കുന്നതില്‍ വലിയ തെറ്റില്ല. എന്നാല്‍ കല്യാണം കഴിച്ച് കുടുംബം ഉള്‍പ്പെടെ മറ്റു ഉത്തരവാദിത്തങ്ങള്‍ ഉണ്ടെങ്കില്‍ സാമ്പത്തിക ശേഷി കൂടി കണക്കാക്കി മാത്രമേ വലിയ തുക നിക്ഷേപിക്കാവൂ. അതേപോലെ തന്നെ ചെറിയ തുകയ്ക്ക് എസ്‌ഐപി എടുക്കുന്നതും ഗുണം ചെയ്യില്ല. വലിയ നേട്ടം ഉണ്ടാക്കാന്‍ ചെറിയ തുക കൊണ്ട് സാധിക്കില്ല. ഓരോരുത്തരുടേയും സാമ്പത്തിക ശേഷിയെ അടിസ്ഥാനമാക്കി നിക്ഷേപിക്കേണ്ട തുക സംബന്ധിച്ച് തീരുമാനം എടുക്കുന്നതാണ് നല്ലത്.
2. എസ്‌ഐപി എപ്പോഴും ദീര്‍ഘകാലത്തേയ്ക്കാണ് പ്രയോജനം ചെയ്യുക. കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിക്കണമെന്നില്ല. ഫണ്ടിന്റെ പ്രകടനവും പരമപ്രധാനമാണ്. ഓരോ സമയത്തും ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ എസ്‌ഐപിയെ സ്വാധീനിക്കും. നിക്ഷേപം ഓഹരിവിപണിയുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന കാര്യം മറക്കരുത്. അതിനാല്‍ ദീര്‍ഘകാലത്തെ നേട്ടം ലക്ഷ്യമാക്കി നിക്ഷേപിച്ചാല്‍ ഗുണം ചെയ്യും. പണപ്പെരുപ്പനിരക്ക് എന്നിവയെല്ലാം അടിസ്ഥാനമാക്കി എസ്‌ഐപിയില്‍ ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
3. ഓഹരിവിപണിയില്‍ ചാഞ്ചാട്ടം കണ്ട് ഇടയ്ക്ക് വച്ച് നിക്ഷേപം പിന്‍വലിക്കുന്നതോ നിക്ഷേപം നിര്‍ത്തുന്നതോ ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചാഞ്ചാട്ടം എസ്‌ഐപിയുടെ മൂല്യത്തെ ബാധിക്കാം. അതിനാല്‍ ഭയന്ന് ഫണ്ട് പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയണമെന്നില്ല. ഓഹരി വിപണിയില്‍ ചാഞ്ചാട്ടം സ്വാഭാവികമാണ്. അതിനാല്‍ ഓഹരി വിപണിയിലെ മുന്നേറ്റത്തിന് കാത്തുനില്‍ക്കുക. ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപിച്ചാല്‍ എന്തായാലും നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ തെരഞ്ഞെടുക്കുന്ന ഫണ്ട് മികച്ച റെക്കോര്‍ഡുള്ളതാണ് എന്ന് ഉറപ്പുവരുത്തണം. ഫണ്ട് മാനേജര്‍ ആരാണ് എന്ന് പരിശോധിക്കുന്നതും നല്ലതാണ്.
4. നിക്ഷേപിച്ച് തുടങ്ങി കഴിഞ്ഞാല്‍ ചിലര്‍ ഫണ്ടിന്റെ പുരോഗതി ഇടയ്ക്കിടെ വിലയിരുത്താന്‍ നോക്കാതെ, മാറി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ ചെയ്യരുത് എന്ന് വിദഗ്ധര്‍ പറയുന്നു. ഫണ്ടിന്റെ പുരോഗതിയും പ്രകടനവും സ്ഥിരമായി പരിശോധിക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്താല്‍ ദീര്‍ഘകാലമായി ഫണ്ട് മോശം അവസ്ഥയിലൂടെയാണ് പോകുന്നതെങ്കില്‍ അത് തിരിച്ചറിഞ്ഞ് നിക്ഷേപത്തില്‍ മാറ്റം വരുത്താന്‍ കഴിയും. അല്ലാതെ ഫണ്ട് മോശമായാണ് പോകുന്നത് എന്ന് തിരിച്ചറിയാതെ ദീര്‍ഘകാലം നിക്ഷേപിച്ചാല്‍ നഷ്ടം നേരിടാന്‍ സാധ്യതയുണ്ട്.അതിനാല്‍ നിക്ഷേപം തുടങ്ങിയാല്‍ പതിവായി ഫണ്ട് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് നല്ലത്.
5. ഡിവിഡന്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതിനേക്കാള്‍ ഗ്രോത്ത് ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഡിവിഡന്റ് ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഓഹരിവിപണിയുടെ മുന്നേറ്റം അനുസരിച്ചുള്ള തുക നിശ്ചിത സമയത്ത് ലഭിക്കും. എന്നാല്‍ ദീര്‍ഘകാലം ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ ഗുണം ചെയ്യില്ല. ഒരു നിശ്ചിത കാലം കഴിഞ്ഞാല്‍ വലിയൊരു തുക ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഗ്രോത്ത് ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. എങ്കിലും മ്യച്വല്‍ ഫണ്ട് നിക്ഷേപം നഷ്ടസാധ്യതകള്‍ നിറഞ്ഞതാണ് എന്ന കാര്യം ആരും മറക്കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
