ആധാര്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ചെയ്യേണ്ടത് ഇത്രമാത്രം

10 വര്‍ഷംമുമ്പ് അനുവദിച്ച ആധാര്‍ കാര്‍ഡുകള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 10 വര്‍ഷംമുമ്പ് അനുവദിച്ച ആധാര്‍ കാര്‍ഡുകള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഓണ്‍ലൈന്‍ വഴി ജൂണ്‍ 14 വരെ പുതുക്കുന്നതിനുള്ള സൗകര്യമാണ് യുഐഡിഎഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്. http://myaadhaar.uidai.gov.in എന്ന വെബ് സൈറ്റ് വഴിയാണ് പുതുക്കേണ്ടത്. 

ഇതുവരെ അപ്ഡേഷന്‍ ഒന്നും ചെയ്തിട്ടില്ലാത്ത കാര്‍ഡുകള്‍ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ വെബ്സൈറ്റില്‍ സൗജന്യമായി അപ്ലോഡ് ചെയ്ത് പുതുക്കാവുന്നതാണ്. എന്നാല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാനാവു. അക്ഷയ-ആധാര്‍ കേന്ദ്രങ്ങള്‍വഴി ഈ സേവനം ലഭ്യമാകുന്നതിന് 50 രൂപ ഫീസ് നല്‍കണം.

സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ നിര്‍ബന്ധമായും നല്‍കണമെന്ന് സംസ്ഥാന ഐടി മിഷന്‍ അറിയിച്ചു. രജിസ്ട്രേഷന്‍ സമയത്ത് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ നല്‍കാതിരുന്നവര്‍ക്കും പിന്നീട് മാറിയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

കുട്ടികളുടെ ആധാര്‍ പുതുക്കുന്നതില്‍ രണ്ടുവര്‍ഷം വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലുമാണ് ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആധാര്‍ പുതുക്കേണ്ടത്. ഇത് ഏഴും പതിനേഴും വയസ്സുവരെ സൗജന്യമായി ചെയ്യാം.

നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് വിരലടയാളം, കണ്ണുകള്‍ അടക്കമുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാറില്ല. കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്റോള്‍ ചെയ്യാം. എന്നാല്‍, കുട്ടിക്ക് അഞ്ച് വയസ്സായാല്‍ ബയോമെട്രിക് വിവരങ്ങള്‍ ചേര്‍ക്കണമെന്നാണ് നിര്‍ദേശം. ഇത് 15-ാം വയസ്സില്‍ പുതുക്കണം. ഇത്തരത്തില്‍ പുതുക്കുന്നതിനാണ് രണ്ടുവര്‍ഷത്തെ ഇളവ് അനുവദിച്ചത്. ഇക്കാലയളവ് കഴിഞ്ഞാല്‍ നൂറുരൂപ നല്‍കിയേ വിവരങ്ങള്‍ പുതുക്കാനാകൂ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com